ഡ്രൈവിങ് സ്കൂൾ സമരം: ഒത്തുതീർപ്പിന് സർക്കാർ, ചർച്ചയ്ക്ക് വിളിച്ച് മന്ത്രി ഗണേഷ്
Mail This Article
തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരം കടുക്കുന്നതിനിടെ ചർച്ചയ്ക്ക് തയാറായി സർക്കാർ. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളെയും മന്ത്രി കെ.ബി.ഗണേഷ് കുമാർ ചർച്ചയ്ക്കു വിളിച്ചു. മന്ത്രിയുടെ ചേംബറിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണു ചർച്ച.
വിദേശത്തായിരുന്ന മന്ത്രി തിങ്കളാഴ്ച പുലർച്ചെയോടെ തിരിച്ചെത്തിയിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ഓഫിസിലെത്തും. സമരം ഒത്തുതീർപ്പാക്കാനില്ലെന്നും തനിയെ പൊളിയുമെന്നുമായിരുന്നു കഴിഞ്ഞദിവസം വരെയും മന്ത്രിയുടെ ഓഫിസ് ആവർത്തിച്ചത്. സമരം 14 ദിവസം പിന്നിട്ടതോടെ ഒരടി പിന്നോട്ട് പോകാൻ മന്ത്രി തയാറാവുകയായിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ നിലപാട്.
പുറത്തിറക്കിയ നിർദേശങ്ങളിൽ ചിലത് പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിർദേശങ്ങൾ പിൻവലിക്കാൻ ഗണേഷിനുമേൽ എൽഡിഎഫിൽനിന്നും സമ്മർദമുണ്ട്. ഇതോടെയാണു ചർച്ചയാകാമെന്ന നിലപാടിലേക്ക് ഗണേഷ് മാറിയത്.