189 പേർക്ക് മഞ്ഞപ്പിത്തം, 2 മരണം: വേങ്ങൂരിലെ ഈ ദുരവസ്ഥയ്ക്ക് ഉത്തരവാദിയാര്?
Mail This Article
കൊച്ചി ∙ ആരാണ് ഉത്തരവാദി? 27 ദിവസത്തിനുള്ളിൽ 189 പേർക്ക് മഞ്ഞപ്പിത്തം പിടിപെടുകയും 2 പേർ മരിക്കുകയും ഒട്ടേറെപ്പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത വേങ്ങൂർ പഞ്ചായത്തിലെ പ്രധാന ചോദ്യമാണിത്. വിഷയത്തെ കുറിച്ച് ചർച്ച നടത്താനും ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സയ്ക്ക് ധനസമാഹരണം നടത്താനുമായി വേങ്ങൂരിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലും ഉയർന്നത് ഇക്കാര്യമാണ്.
വാട്ടർ അതോറിറ്റി അധികൃതരോട് യോഗത്തിനിടെ നാട്ടുകാർ നിരവധി തവണ ക്ഷുഭിതരായി. വാട്ടർ അതോറിറ്റി കുടിവെള്ളം ശുചിയാക്കാതെ പമ്പ് ചെയ്തതാണ് രോഗത്തിന് കാരണമായതെന്ന് ആരോഗ്യവകുപ്പും പഞ്ചായത്തും പറയുമ്പോൾ ശുചിയാക്കുന്നതിനു മുമ്പുള്ള വെള്ളമാണ് പരിശോധിച്ചത് എന്ന നിലപാടിലാണ് വാട്ടർ അതോറിറ്റി.
ഇക്കഴിഞ്ഞ ഏപിൽ 17നാണ് വേങ്ങൂർ പഞ്ചായത്തിൽ ആദ്യ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചത്. വേങ്ങൂരിലെ ആറു വാർഡുകളിലും സമീപ പഞ്ചായത്തായ മുടക്കുഴയിലും വൈകാതെ കേസുകൾ റിപ്പോർട്ട് ചെയ്തു. അതാണ് ഇപ്പോൾ 189ലെത്തിയിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അഞ്ജന ഇപ്പോഴും വെന്റിലേറ്ററിലാണ്. അഞ്ജനയുടെ ഭർത്താവ് ശ്രീകാന്തും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ശ്രീനിയും മറ്റൊരു സ്വകാര്യ ആശുപത്രിയിലും.
വൃക്കകൾ തകരാറിലായതിനെ തുടർന്ന് ശ്രീകാന്തിന് ഡയാലിസിസ് നടത്തുന്നുണ്ട്. 9 ലക്ഷത്തോളം രൂപ ഇരുവരുടെയും ചികിത്സയ്ക്ക് ചെലവഴിച്ചു കഴിഞ്ഞതായാണ് വീട്ടുകാർ പറയുന്നത്. അഞ്ജനയുടെ ചികിത്സയ്ക്ക് 10 ലക്ഷത്തോളം രൂപ ചെലവായി. ആകെയുള്ള ലോറിയും പശുക്കളെയും സ്ഥലവും വിറ്റും നാട്ടുകാരിൽ നിന്ന് കടം വാങ്ങിയുമാണ് ഈ കുടുംബം ഇപ്പോൾ ചികിത്സ നടത്തുന്നത്.
ഈ കുടുംബങ്ങളെ സഹായിക്കാൻ ധനസമാഹരണം നടത്താൻ യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസിന്റെയും വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്‍പ സുധീഷിന്റെയും പേരിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങാനാണ് തീരുമാനം. ഈ അക്കൗണ്ടിലേക്ക് മുഴുവൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെയും നേതൃത്വത്തിൽ പണം സ്വരൂപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. രോഗബാധിതരായി വീടുകളിൽ കഴിയുന്നവരെ സഹായിക്കാനും തീരുമാനിച്ചിട്ടുണ്ട്. ധനസഹായം നൽകുന്ന കാര്യത്തിൽ ജില്ലാ കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയിരിക്കുകയാണ് സർക്കാർ.
ഇത്രയും വലിയ ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. വാട്ടർ അതോറിറ്റിക്ക് നേരെയാണ് ജനങ്ങൾ കൈചൂണ്ടുന്നത്. കനാലിൽ നിന്ന് വരുന്ന വെള്ളം വക്കുവള്ളിയിലെ ചിറയിൽ ശേഖരിക്കുകയും അവിടെ നിന്ന് കിണറ്റിലേക്ക് എത്തിച്ച് അവിടെ വച്ച് ശുദ്ധീകരിച്ച് പമ്പു ചെയ്യുകയുമാണ് ഇത്രകാലവും നടന്നു വരുന്നത്. എന്നാൽ ശുദ്ധീകരിക്കാത്ത വെള്ളം പമ്പു ചെയ്തതാണ് ആളുകൾ കുടിച്ചതും അസുഖത്തിന് കാരണമായതെന്നും ആരോഗ്യവകുപ്പ് പറയുന്നു. തിളപ്പിച്ചാറ്റിയ വെള്ളം കുടിച്ചവർക്കാർക്കും രോഗമുണ്ടായിട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സഹീന കെ പറയുന്നു.
എന്നാൽ ചിറയിലെ വെള്ളമാണ് ആരോഗ്യവകുപ്പ് പരിശോധിച്ചതെന്നും ഇത് ശുദ്ധീകരിക്കാത്ത വെള്ളമാണെന്നും വാട്ടർ അതോറിറ്റിയെ പ്രതിനിധീകരിച്ച പ്രിയദർശിനിയും പറയുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്നും കർശന ശിക്ഷ ഉറപ്പാക്കണമെന്നും യോഗത്തിൽ സംബന്ധിച്ച ബെന്നി ബെഹനാൻ എംപി ആവശ്യപ്പെട്ടു. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡെയ്സി ജെയിംസ്, പി.ആർ. നാരായണൻ നായർ, വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ്, വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിജു ടി.കെ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷീബ ചാക്കപ്പൻ, കുന്നത്തുനാട് തഹസിൽദാർ താജുദ്ദീൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.