ADVERTISEMENT

‘ഇവിടെ നിങ്ങളുടെ ബിസിനസ് പരസ്യം നൽകുന്നതിനായി വിളിക്കൂ’ എന്നെഴുതി പരസ്യ ഏജൻസിയുടെ നമ്പർ പതിച്ച ഹോർഡിങ്ങുകൾ നമ്മൾ മലയാളികൾക്കും സുപരിചിതമാണ്. മുംബൈ നഗരത്തിൽ അങ്ങോളമിങ്ങോളം ഇത്തരം ഹോർഡിങ്ങുകൾ കാണാം. ഇവയിൽ പലതും നിയമാനുസൃതമല്ല. രാഷ്ട്രീയ പിടിപാടുൾപ്പെടെ വലിയ സ്വാധീനമുള്ളവരാണ് മുംബൈയിലെ മിക്ക പരസ്യ ഏജൻസികളും. കോർപറേഷൻ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്കും ഹോർഡിങ്ങുകൾ സ്ഥാപിച്ചിട്ടുള്ള ഭൂമി ആരുടേതാണോ അവർക്കും കൃത്യമായ കൈമടക്ക് നൽകിയിട്ടുണ്ടാവും.

പലപ്പോഴും നടപടിയെടുക്കേണ്ടവർ തന്നെയാകും ഈ കൈമടക്ക് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ നിയമാനുസൃതമല്ലാത്ത ഹോർഡിങ്ങുകൾ ഉയരുന്നതിനെ ചോദ്യം ചെയ്യാൻ പ്രദേശവാസികളല്ലാതെ അധികൃതർ മുന്നോട്ടുവരാറില്ല. ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിയും ജനസാന്ദ്രതയും മറ്റു ഘടകങ്ങളുമെല്ലാം അടിസ്ഥാനപ്പെടുത്തി, ഹോർഡിങ്ങുകളുടെ വലുപ്പത്തിൽ തീരുമാനമെടുക്കേണ്ടതും കോർപറേഷനുകളാണ്. അവ നൽകുന്ന അനുമതിക്ക് അനുസരിച്ചാവില്ല പലപ്പോഴും ഹോർഡിങ്ങുകൾ സ്ഥാപിക്കപ്പെടുന്നത്.

ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 40 അടി വീതിയും നീളവും ഉള്ള ഹോർഡിങ് സ്ഥാപിക്കാൻ അനുമതിയുണ്ടായിരുന്നിടത്ത് സ്ഥാപിക്കപ്പെട്ടത് 120 അടി വീതം നീളവും വീതിയുമുള്ള, 200 ടണ്ണിലേറെ ഭാരമുള്ള ഹോർഡിങ്ങായിരുന്നു. പരസ്യ ഏജൻസികളുടെ മറവിൽ നടക്കുന്ന ക്രമക്കേടുകളുടെ ബാക്കിപത്രമാണ് ഈ പടുകൂറ്റൻ ഹോർഡിങ് വീണുണ്ടായ അപകടം. ഇത്തരത്തിൽ അനധികൃതമായി സ്ഥാപിക്കുന്ന ഹോർഡിങ്ങുകൾ ഉണ്ടാക്കുന്ന അപകടസാധ്യതകൾ നിരീക്ഷിക്കാൻ സ്ഥിരം സംവിധാനങ്ങളില്ല. അപകടമുണ്ടാകുമ്പോൾ ആ  ഹോർഡിങ് സ്ഥാപിച്ച വ്യക്തിയുടെ പേരിൽ കേസെടുത്ത് നടപടിയെടുത്തതായി വരുത്തിത്തീർക്കുമെന്നല്ലാതെ ഇത്തരം നിയമലംഘനങ്ങൾ തടയാൻ ശാശ്വതമായൊരു നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. 

ഘാട്കോപ്പറിൽ സംഭവിച്ചത്

വേനൽമഴയ്ക്കൊപ്പം ആഞ്ഞുവീശിയ പൊടിക്കാറ്റി‍ൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിലേക്ക് തകർന്നുവീഴുകയായിരുന്നു. ആ സമയത്ത് 150 വാഹനങ്ങളാണ് പമ്പിലുണ്ടായിരുന്നത്. അപകടത്തിൽ 14 പേർ മരിക്കുകയും എഴുപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.  ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 67 പേരെയാണ് രക്ഷിച്ചത്. പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസും അറിയിച്ചു. 

ഭവേഷ് ഭിൻഡെ ഡയറക്ടറായ ഇഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹോർഡിങ്ങാണ് തകർന്നുവീണത്. ഇയാൾക്കെതിരെ കേസെടുത്ത പൊലീസ് ഇവരുടെ കമ്പനി സ്ഥാപിച്ച എട്ടോളം ഹോർഡിങ്ങുകൾ പത്തുദിവസത്തിനുള്ളിൽ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു നോട്ടിസ് നൽകിയിട്ടുണ്ട്. എത്രയും വേഗം നടപടി കൈക്കൊണ്ടില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

English Summary:

How illegal hoardings turned nightmare for Mumbaikars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com