18 വർഷം പഴക്കമുള്ള വാഹനങ്ങളും ഇരട്ട ക്ലച്ചും തുടരാം; ഡ്രൈവിങ് സ്കൂൾ സമരം അവസാനിച്ചു
Mail This Article
തിരുവനന്തപുരം ∙ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരം മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നു പിൻവലിച്ചു. ഇരട്ട ക്ലച്ച് സംവിധാനം തുടരും. ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കും. നിലവിലെ മാതൃകയിൽ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടർന്ന് റോഡ് ടെസ്റ്റുമാകും തുടർന്നും നടത്തുക. ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ സ്ഥാപിക്കണമെന്ന നിർദേശം ഡ്രൈവിങ് സ്കൂളുകാർ അംഗീകരിച്ചു. ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ മോട്ടർ വാഹന വകുപ്പ് ക്യാമറ വാങ്ങി ഘടിപ്പിക്കും. ഇതിലെ ദൃശ്യങ്ങൾ 3 മാസം വരെ ആർടി ഓഫിസിലെ കംപ്യൂട്ടറിൽ സൂക്ഷിക്കും. ഡ്രൈവിങ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ സമിതിയെ നിയോഗിക്കും. കെഎസ്ആർടിസി 10 കേന്ദ്രങ്ങളിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
‘‘ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നാണ് സർക്കുലറിൽ പറഞ്ഞിരുന്നത്. ഇതുപ്രകാരം രണ്ട് ഇൻസ്പെക്ടർമാരുള്ളിടത്ത് 80 ലൈസൻസ് ടെസ്റ്റ് നടത്തും. ഇത് പര്യാപ്തമല്ലെന്നായിരുന്നു പരാതി. ഏതാണ്ട് 10 ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നുവെന്നാണ് വാർത്തകൾ വന്നത്. എന്നാൽ പ്രാഥമിക പരിശോധനയിൽ 2.5 ലക്ഷം അപേക്ഷകളാണുള്ളതെന്നാണ് മനസ്സിലായത്. ഈ ബാക്ക്‌ലോഗ് പരിഹരിക്കും. ഓരോ ആർടി ഓഫിസിലും സബ് ആർടി ഓഫിസിലും എത്ര അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് അടുത്തദിവസങ്ങളിൽ പരിശോധിക്കും. കൂടുതൽ അപേക്ഷ ഉള്ള സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ നിയമിച്ചു ബാക്ക് ലോഗ് പരിഹരിക്കും.
‘‘ലേണേഴ്സ് ലൈസൻസിന്റെ കാലാവധി തീരുമെന്ന ഭയം വേണ്ട. ആറു മാസം കഴിഞ്ഞാലും കാലാവധി നീട്ടിക്കിട്ടും. ചെറിയൊരു ഫീസ് അടച്ചാൽ മതി. ആ പരീക്ഷ ഇനി എഴുതേണ്ട. രണ്ട് വശത്തും ക്ലച്ചും ബ്രേക്കുമുള്ള വാഹനം ലോകത്ത് എവിടെയും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാറില്ല. സ്വന്തമായ വാഹനത്തിലേക്ക് സർക്കാരെത്തുകയോ വാഹനം വാടകയ്ക്കെടുകയോ ചെയ്യുന്ന സംവിധാനമാകുന്നതുവരെ രണ്ടുവശത്തും ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ തത്കാലം ടെസ്റ്റിന് അനുവദിക്കും. തീർച്ചയായും ഡ്രൈവിങ് ടെസ്റ്റിന്റെ ക്വാളിറ്റി ഉയരും. നന്നായി ഡ്രൈവിങ് അറിയുന്നവർ മാത്രം വണ്ടിയോടിച്ചാൽ മതിയെന്നാണ് സർക്കാർ തീരുമാനം. അതിനോട് ഡ്രൈവിങ് സ്കൂൾ പ്രതിനിധികളും യോജിച്ചിട്ടുണ്ട്.
‘‘ടെസ്റ്റ് നടക്കുമ്പോൾ പീഡനങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ക്യാമറ സ്ഥാപിക്കണമെന്ന നിർദേശവും നേരത്തേ മുന്നോട്ടുവച്ചിരുന്നു. ഇതിനുവേണ്ടിയുള്ള ക്യാമറകൾ മോട്ടർ വെഹിക്കിൾ വിഭാഗം വാങ്ങാൻ തീരുമാനിച്ചു. ടെസ്റ്റിന്റെ സമയത്ത് ഉദ്യോഗസ്ഥൻ ക്യാമറ വാഹനത്തിന്റെ ഡാഷ് ബോർഡിൽ സ്ഥാപിക്കും. ടെസ്റ്റിനുശേഷം ക്യാമറ ദൃശ്യങ്ങൾ കംപ്യൂട്ടറിലേക്ക് മാറ്റും. മൂന്നുമാസം വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കും’’ – മന്ത്രി പറഞ്ഞു. സമരക്കാർ ആരോപിച്ചതുപോലെ ആരുടെയും തൊഴിൽ നഷ്ടമാകുന്ന അവസ്ഥയുണ്ടാകില്ലെന്നും ഡ്രൈവിങ് പഠിച്ച് അഞ്ചുവർഷം കഴിഞ്ഞവർക്ക് ഡ്രൈവിങ് പഠിപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിഐടിയു ഉൾപ്പെടെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു. 15 ദിവസമായി ഡ്രെവിങ് സ്കൂൾ സംഘടനകൾ സമരത്തിലായിരുന്നു. പരിഷ്കാരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്തിരുന്ന മന്ത്രി സമരം ശക്തമായതോടെയാണ് സംഘടനകളെ ചർച്ചയ്ക്കു വിളിച്ചത്. സമരത്തെത്തുടർന്ന് ഡ്രൈവിങ് ലൈസൻസിനായുള്ള ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയ സ്ഥിതിയാണ്.