സൈനികർക്കെതിരായ വിവാദ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി
Mail This Article
ന്യൂഡൽഹി∙ സൈനികരെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പാവപ്പെട്ട കുടുംബങ്ങളിൽനിന്നും സംവരണ വിഭാഗത്തിൽ നിന്നുമുള്ളവർ, ധനിക കുടുംബത്തിൽ നിന്നുള്ളവർ എന്നിങ്ങനെ മോദി സർക്കാർ രണ്ടു വിഭാഗത്തിലുള്ള സൈനികരെ സൃഷ്ടിച്ചുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, രാജീവ് ചന്ദ്രശേഖർ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. രാഹുൽ ഗാന്ധി നടത്തിയ പരാമർശം നുണയാണെന്നും സായുധസേനയ്ക്കെതിരായ അതിക്രമമാണെന്നും ജയശങ്കർ പറഞ്ഞു.
‘‘ഇക്കാര്യം കോൺഗ്രസ് വിവാദ വിഷയമാക്കാൻ ആഗ്രഹിക്കുകയാണ്. സായുധ സേനയുടെ ആത്മവീര്യം തകർക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഇത് തിരഞ്ഞടുപ്പ് വിഷയമല്ല. ഇത് ദേശീയ സുരക്ഷയുടെ കാര്യമാണ്.’’ – അദ്ദേഹം പറഞ്ഞു.
റായ്ബറേലിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സൈനികരുമായി ബന്ധപ്പെട്ട പരാമർശം രാഹുൽ നടത്തിയത്. മോദി സർക്കാരിന്റ അഗ്നിപഥ് റിക്രൂട്ട്മെന്റിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരാമർശം. രാഹുലിന്റെ പരാമർശത്തെ, അതീവ ഗുരുതരമെന്നാണ് ജയശങ്കർ വിശേഷിപ്പിച്ചത്. ഇതിനെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.