‘തീർഥാടകരുടെ താമസസ്ഥലത്ത് പൊട്ടിയത് ഒന്നോ രണ്ടോ ടൈലുകൾ; എന്തിന് മുഴുവൻ നീക്കം ചെയ്യണം?’
Mail This Article
കൊച്ചി∙ ശബരിമലയിൽ തീർഥാടകർക്കും ജീവനക്കാർക്കുമുള്ള താമസ സ്ഥലങ്ങളിൽ ഒന്നോ രണ്ടോ ടൈലുകൾ പൊട്ടിയെന്ന പേരിൽ മുഴുവൻ ടൈലുകളും നീക്കം ചെയ്തു പുതിയത് സ്ഥാപിക്കേണ്ട കാര്യമുണ്ടോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഇത്തരത്തിൽ നീക്കം ചെയ്യുന്ന ടൈലുകളും മറ്റ് അവശിഷ്ടങ്ങളുമെല്ലാം അവിടെ കുന്നുകൂടി കിടക്കുകയാണ്. പരമാവധി അവശിഷ്ടങ്ങൾ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. തീര്‍ഥാടകർക്കും ജീവനക്കാർക്കുമുള്ള സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ റിപ്പോർട്ടുകൾ ഹൈക്കോടതി 21ന് പരിഗണിക്കും.
നേരത്തെ തീർഥാടകർക്കും ജീവനക്കാർക്കുമുള്ള താമസ സ്ഥലങ്ങളിൽ അറ്റകുറ്റ പണി നടത്താൻ ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടിയിരുന്നു. തുടർന്ന് താമസ സൗകര്യങ്ങൾ പരിശോധിക്കാനും മറ്റുമായി ദേവസ്വം ബെഞ്ച് ഈ മാസം എട്ടിന് ശബരിമല സന്ദർശിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ടുകൾ സമർപ്പിക്കാൻ പിഡബ്ല്യുഡി ബിൽഡിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ശബരിമല സ്പെഷൽ കമ്മിഷണർ എന്നിവര്‍ക്ക് കോടതി നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടുകള്‍ ഉൾപ്പെടെയാണ് ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.
കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുമായി ബന്ധപ്പെട്ടു സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകണം. ദേവസ്വം കമ്മിഷണറെ നിയമിക്കാൻ എന്തുകൊണ്ടു സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. പാർക്കിങ് ക്രമീകരണങ്ങൾ ഡിവിഷൻ ബെഞ്ച് വിലയിരുത്തി. മാസപൂജ സമയത്ത് തീർഥാടകരുടെ വാഹനങ്ങൾക്കു ചക്കുപാലം രണ്ടിലും ഹിൽടോപ്പിലും പാർക്കിങിന് അനുമതി നൽകിയിരുന്നു. എന്നാൽ ഫാസ്ടാഗ് നിർബന്ധമാക്കണമെന്നു ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.