ADVERTISEMENT

കോഴിക്കോട് ∙ മെഡിക്കൽ കോളജിൽ കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തു. കയ്യിലെ ആറാം വിരൽ‌ നീക്കം ചെയ്യാനെത്തിയതായിരുന്നു കുട്ടി. അമ്മയും കു‍ഞ്ഞും വിഭാഗത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് കുട്ടിയുടെ ബന്ധുക്കളുമായി ചർച്ച നടത്തി. ഇന്നു രാവിലെയാണ്  ചെറുവണ്ണൂർ സ്വദേശിയായ കുട്ടി ആശുപത്രിയിലെത്തിയത്. നിലവിൽ കുട്ടിയെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുട്ടിയുടെ ബന്ധുക്കളോടു നാവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പു പറഞ്ഞു. 

ശസ്ത്രക്രിയ പൂര്‍ത്തിയായെന്ന് പറഞ്ഞ് കുട്ടിയെ നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അന്വേഷിച്ചത്. 

കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കൈക്കാണ് ശസ്ത്രക്രിയ വേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു നഴ്സിന്‍റെ പ്രതികരണമെന്നും  വളരെ നിസ്സാരമായാണ് ആശുപത്രി അധികൃതർ സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

എന്താണു സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ആശുപത്രി  സൂപ്രണ്ട് വ്യക്തമാക്കി. നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവിനെപ്പറ്റി പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെയാണ് വീണ്ടും ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com