കോടതിയുടെ പരിഗണനയിലുള്ള കള്ളപ്പണക്കേസിൽ അറസ്റ്റിന് മുൻകൂർ അനുമതി വേണം: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ പ്രത്യേക കോടതികളുടെ മുൻപാകെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ (പിഎംഎൽഎ) പ്രതികളെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) കഴിയില്ലെന്നു സുപ്രീംകോടതി. അത്തരം കേസുകളിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങണമെങ്കിൽ മുൻകൂർ അനുമതി തേടിയിരിക്കണമെന്നും അതിനായി പ്രത്യേക കോടതിയെ സമീപിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കസ്റ്റഡിയിൽ കിട്ടാൻ ഇ.ഡി അപേക്ഷ നൽകിയാൽ, പ്രതിയുടെ ഭാഗം കൂടി കേട്ടു വേണം പ്രത്യേക കോടതി തീരുമാനം എടുക്കേണ്ടത്. ഉത്തരവ് പാസാക്കുമ്പോൾ ജഡ്ജി കാരണം വ്യക്തമാക്കുകയും വേണം. കസ്റ്റഡിയിൽ നൽകി ചോദ്യംചെയ്യൽ അനിവാര്യമാണെന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രമേ അത് അനുവദിക്കാവുവെന്നും പിഎംഎൽഎ പ്രകാരമുള്ള അറസ്റ്റ് നടപടിയുടെ വ്യവസ്ഥകൾ വിശദീകരിച്ചുകൊണ്ട് ജഡ്ജിമാരായ അഭയ് എസ്.ഓക്ക, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. .
പിഎംഎൽഎ നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള 19–ാം വകുപ്പിന്റെ പ്രയോഗമാണു കോടതി വിശദീകരിച്ചത്. നിയമപ്രകാരം ശിക്ഷിക്കപ്പെടാനുള്ള കാരണം ഉണ്ടെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകുന്നതാണ് 19–ാം വകുപ്പ്. എന്നാൽ, കേസ് റജിസ്റ്റർ ചെയ്ത ശേഷം 19–ാം വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യാൻ പ്രത്യേക കോടതിയുടെ അനുമതി വാങ്ങണമെന്നും നേരിട്ട് അറസ്റ്റ് ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. പരാതി റജിസ്റ്റർ ചെയ്യുന്നതു വരെ പ്രതിയെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ വാറന്റ് അയയ്ക്കാതെ പ്രതിക്കു സമൻസ് നൽകുകയാണ് വേണ്ടത്. പ്രതി ജാമ്യത്തിലാണെങ്കിലും സമൻസ് ആണ് അയയ്ക്കേണ്ടതെന്നു കോടതി വ്യക്തമാക്കി. സമൻസിനു മുൻപു പ്രതി കോടതിയിൽ ഹാജരായാൽ അതിനെ കസ്റ്റഡിയിലാണെന്നു കരുതാനാകില്ല. പ്രതിക്കു ജാമ്യാപേക്ഷ നൽകുകയും ചെയ്യാം. അതേസമയം, നിയമപ്രകാരം വിചാരണക്കോടതിക്കു ജാമ്യവ്യവസ്ഥ നിശ്ചയിക്കാം. പ്രതി ഹാജരാകാത്ത സാഹചര്യമെങ്കിൽ പ്രത്യേക കോടതിക്ക് വാറന്റ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ സമൻസിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരായ പ്രതിയെ ഇ.ഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചാണ് സുപ്രീം കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.