സ്വാതിയുടെ പരാതി: കേജ്‍രിവാളിന്റെ പിഎയ്ക്കെതിരെ കേസെടുത്ത് പൊലീസ്
Mail This Article
ന്യൂഡൽഹി∙ എഎപി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു . കേജ്‍രിവാളിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോൾ അതിക്രമം നേരിട്ടെന്നാണ് പരാതി.
സംഭവത്തിൽ സ്വാതിയുടെ മൊഴി ഡൽഹി പൊലീസ് രേഖപ്പെടുത്തി. സ്വാതിയുടെ വസതിയിൽ നടന്ന മൊഴിയെടുപ്പ് നാലു മണിക്കൂർ നീണ്ടുനിന്നു. തിങ്കളാഴ്ച രാവിലെ കേജ്‍രിവാളിനെ സന്ദർശിക്കാൻ എത്തിയ സ്വാതിയെ ബൈഭവ് കുമാർ തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. സംഭവം സ്വാതി തന്നെ കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു.
അക്രമം നടത്തിയ ബൈഭവ് കുമാറിനെ കേന്ദ്ര വനിതാ കമ്മിഷൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 11ന് ദേശീയ വനിത കമ്മിഷൻ ഓഫിസിൽ ഹാജരാകണമെന്ന് വൈഭവിന് നിർദേശം നൽകി. പരിഹാരചർച്ചകൾക്കായി ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് സ്വാതിയെ സന്ദർശിച്ചിരുന്നു. അക്രമം നടന്നിട്ടുണ്ടെന്ന് പാർട്ടി മുൻപ് തന്നെ സ്ഥിരീകരിച്ചിരുന്നു. തുടർ നടപടികൾ സ്വീകരിക്കുമെന്നും,സ്വാതിക്ക് ആവശ്യമായ എല്ലാ പിന്തുണയും പാർട്ടിയുടെ പക്ഷത്തുനിന്നും ഉണ്ടാവുമെന്നും സഞ്ജയ് സിങ് അറിയിച്ചിരുന്നു.
മുൻപ് സ്വാതി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ല. അതുകൊണ്ടു തന്നെ എഫ്ഐആർ തയാറാക്കാൻ പൊലീസിനും സാധിച്ചിരുന്നില്ല. എന്നാൽ 72 മണിക്കൂറിനകം വിശദമായ റിപ്പോർട് നൽകണമെന്ന് പൊലീസിനോട് കേന്ദ്ര വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള നടപടികളിലാണ് മൊഴി രേഖപ്പെടുത്തിയത്. ശേഷം സ്വാതി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി.
സംഭവത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെ വിമർശിച്ച് ബിജെപി രംഗത്തു വന്നിരുന്നു. 36 മണിക്കൂറുകൾക്ക് ശേഷമാണ് പാർട്ടിയിലെ ബഹുമാന്യയായ നേതാവിന് നേരിടേണ്ടി വന്ന അക്രമത്തിൽ ആം ആദ്മി പാർട്ടി പ്രതികരിച്ചതെന്നായിരുന്നു പ്രധാന ആരോപണം. അതേ സമയം കഴിഞ്ഞ ദിവസവും കേജ്‍രിവാൾ പങ്കെടുത്ത പരിപാടിയിൽ ആരോപണ വിധേയനായ ബൈഭവ് കുമാർ ഒപ്പമുണ്ടായിരുന്നു.