‘കൈക്കുഞ്ഞുങ്ങൾക്കു പോലും വെള്ളവും ഭക്ഷണവുമില്ല’; അഗത്തി വിമാനത്താവളത്തിൽ 68 പേർ കുടുങ്ങിയിട്ട് 2 ദിവസം
Mail This Article
കണ്ണൂർ ∙ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ യാത്ര പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. കണ്ണൂരിൽനിന്നുള്ള യാത്രാസംഘം ഉൾപ്പെടെ 68 യാത്രക്കാരാണു വിമാനത്താവളത്തിനു പുറത്തു കഴിയുന്നത്. 2 ദിവസമായി വെള്ളമോ ഭക്ഷണമോ ലഭിക്കാത്തതിനാൽ യാത്രക്കാരിൽ പലരും അവശരാണ്. യാത്രാ സംഘത്തിൽ 88 വയസ്സുള്ള സ്ത്രീയും കൈക്കുഞ്ഞുങ്ങളുമുണ്ട്. ഇന്നലെ രാവിലെ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽനിന്നു മടക്ക യാത്രയ്ക്കായി എറണാകുളത്തേക്കു പുറപ്പെടാനിരിക്കെയാണ് അലയൻസ് എയർ അവസാന നിമിഷം റദ്ദാക്കിയത്.
സാങ്കേതിക തകരാർ കാരണമാണു സർവീസ് റദ്ദാക്കിയതെന്നാണ് അലയൻസ് എയർ അധികൃതർ യാത്രക്കാർക്കു നൽകിയ വിശദീകരണം. എന്നാൽ യാത്രക്കാർക്കു ഭക്ഷണമോ താമസ സൗകര്യമോ നൽകാൻ അലയൻസ് എയർ തയാറായില്ല. യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ 10.50ന് വിമാനം പുറപ്പെടാൻ 2 മിനിറ്റ് ഉള്ളപ്പോഴാണു സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കിയത്. ഉടൻ സർവീസ് ആരംഭിക്കുമെന്നു പറഞ്ഞെങ്കിലും പിന്നീട് ഒരു മണിക്കൂറിനുശേഷം സർവീസ് റദ്ദാക്കിയതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു.
എൻജിൻ തകരാറാണെന്നും ഹൈദരാബാദിൽനിന്നു മെഷീനും മെക്കാനിക്കും എത്തി സാങ്കേതിക തടസ്സം പരിഹരിച്ചാൽ മാത്രമേ സർവീസ് നടത്താനാകൂവെന്നും അലയൻസ് എയർ അധികൃതർ അറിയിക്കുകയായിരുന്നു എന്നാൽ എപ്പോൾ സർവീസ് പുനരാരംഭിക്കാൻ കഴിയുമെന്നു വ്യക്‌തമാക്കാത്തതോടെ യാത്രക്കാർ ഒന്നടങ്കം രോഷാകുലരായി. എറണാകുളം വിമാനത്താവളത്തിൽനിന്നു കണക്‌ഷൻ വിമാനത്തിൽ മറ്റിടങ്ങളിലേക്കു പോകേണ്ടവരുടെ യാത്രയും മുടങ്ങി.
ഒരു വിമാനത്തിനു മാത്രം സർവീസ് നടത്താൻ പറ്റുന്ന ചെറിയ വിമാനത്താവളമായതിനാൽ അഗത്തി വിമാനത്താവളത്തിൽ മറ്റു വിമാനങ്ങൾക്ക് ഇറങ്ങാനായില്ല. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളിൽ പോകേണ്ടവരുടെയും യാത്ര തടസ്സപ്പെട്ടു. ഈ യാത്രക്കാരും അലയൻസ് എയർ യാത്രക്കാർക്കു പിന്തുണയുമായെത്തി. കണ്ണൂരിൽനിന്നുള്ള യാത്രാസംഘത്തിനു ടൂർ പാക്കേജ് അധികൃതർ താൽക്കാലിക താമസ സൗകര്യം ഒരുക്കി നൽകിയെങ്കിലും മറ്റു യാത്രക്കാർക്കു സൗകര്യമൊന്നുമുണ്ടായില്ല.
വിമാനത്താവളത്തിനു പുറത്താണ് ഇന്നലെ രാത്രി കഴിച്ചുകൂട്ടിയത്. ഇന്നു രാവിലെ 9ന് എത്തണമെന്ന് അറിയിപ്പുണ്ടായതോടെ യാത്രക്കാർ വിമാനത്താവളത്തിനുപുറത്ത് എത്തിയെങ്കിലും വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ധാർഷ്‌ട്യത്തോടെയും ധിക്കാരത്തോടെയുമാണ് അലയൻസ് എയർ അധികൃതർ യാത്രക്കാരോടു പെരുമാറിയത്. അലയൻസ് എയറിന്റെ അനാസ്‌ഥ കാരണം യാത്രക്കാരെ ബലിയാടാക്കുകയായിരുന്നു. വെള്ളമോ ഭക്ഷണമോ നൽകാൻ പോലും തയാറായില്ല. ചെയ്യാൻ പറ്റുന്നത് ചെയ്തോളൂ എന്ന വെല്ലുവിളിയാണ് അലയൻസ് എയർ അധികൃതർ നടത്തിയതെന്നു യാത്രക്കാർ പറഞ്ഞു.