നാല് വയസ്സുകാരനായ വിദ്യാർഥിയുടെ മൃതദേഹം അഴുക്കുചാലിൽ, സ്കൂളിന് തീയിട്ട് നാട്ടുകാർ
Mail This Article
പട്ന ∙ വിദ്യാർഥിയുടെ മൃതദേഹം സ്കൂളിലെ അഴുക്കുചാലിൽ കാണപ്പെട്ട സംഭവത്തിൽ രോഷാകുലരായ ജനങ്ങൾ സ്കൂളിനു തീയിട്ടു. സ്കൂൾ പരിസരത്തുണ്ടായിരുന്ന വാഹനങ്ങളും ജനക്കൂട്ടം അടിച്ചു തകർത്തു. ദിഘാ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടൈനി ടോട്സ് അക്കാദമി വിദ്യാർഥിയായ കുമാർ (4) ആണ് മരിച്ചത്.
വ്യാഴാഴ്ച സ്കൂളിലേക്കു പോയ കുട്ടി വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്നു മാതാപിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. സമീപ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയ ശേഷം രാത്രി ഏഴു മണിയോടെ പൊലീസിൽ പരാതി നൽകി. സ്കൂളിനുള്ളിൽ നടത്തിയ പരിശോധനയിൽ പുലർച്ചെ മൂന്നു മണിയോടെയാണു മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞു രാവിലെ സ്കൂളിനു മുന്നിൽ തടിച്ചു കൂടിയ പ്രദേശവാസികളാണ് അക്രമാസക്തരായി സ്കൂളിനു തീയിട്ടത്.
സ്കൂൾ കളിസ്ഥലത്തെ സ്ലൈഡിൽ നിന്നു വീണു ബോധരഹിതനായ കുട്ടി മരിച്ചെന്ന ധാരണയിൽ സ്കൂൾ അധികൃതർ അഴുക്കുചാലിൽ ഉപേക്ഷിച്ചെന്നാണു മറ്റു കുട്ടികളിൽ നിന്നു പൊലീസിനു ലഭിച്ച സൂചന. ആശുപത്രിയിലെത്തിച്ചു കുട്ടിയെ രക്ഷിക്കാൻ സ്കൂൾ അധികൃതർ തയാറായില്ലെന്നാണ് ആരോപണം. കൊലക്കുറ്റത്തിനു കേസെടുത്ത പൊലീസ് സ്കൂൾ ജീവനക്കാരായ മൂന്നു പേരെ അറസ്റ്റു ചെയ്തു.