‘റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മകനായി വോട്ടു തേടുന്നു; കുടുംബ സ്വത്തായാണ് കാണുന്നത്’
Mail This Article
റാഞ്ചി ∙ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ ഗാന്ധി സീറ്റ് മകനു കൈമാറിയെന്നും മോദി കുറ്റപ്പെടുത്തി. ജംഷഡ്പുരിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘റായ്ബറേലിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സോണിയ ഗാന്ധി തന്റെ സീറ്റ് മകനു കൈമാറുകയാണെന്ന് പറഞ്ഞു. റായ്ബറേലിയിൽ കാലങ്ങളായി പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെയും അവിടെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിനു ലഭിച്ചില്ലേ? കോവിഡിനു ശേഷം ഒരു വട്ടം പോലും സോണിയ അവരുടെ മണ്ഡലം സന്ദർശിച്ചിട്ടില്ല. ഇപ്പോൾ അവർ മകനു വേണ്ടി വോട്ടു ചോദിക്കാൻ എത്തിയിരിക്കുന്നു. റായ്ബറേലി കുടുംബ സ്വത്തായാണ് അവർ കണക്കാക്കുന്നത്.’’– മോദി പറഞ്ഞു.
ശനിയാഴ്ച റായ്ബറേലിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സോണിയ തന്റെ മണ്ഡലം മകനായ രാഹുലിനെ കൈമാറുകയാണെന്നും അദ്ദേഹം നിങ്ങളെ നിരാശനാക്കില്ലെന്നും പറഞ്ഞിരുന്നു. രാഹുലും പ്രിയങ്കയും പ്രചാരണത്തിന് എത്തിയിരുന്നു. രാഹുൽ 2 ലോക്സഭ സീറ്റുകളിൽ മത്സരിക്കുന്നതിനെയും മോദി വിമർശിച്ചു. കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽനിന്ന് റായ്ബറേലിയിലേക്ക് ഒളിച്ചോടിയെന്നും ഇതു തന്റെ അമ്മയുടെ സീറ്റാണെന്ന് എല്ലാവരോടും പറഞ്ഞു നടക്കുകയാണെന്നും മോദി പറഞ്ഞു.