കൈയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ: ഡോക്ടറുടെ മൊഴിയെടുത്തു, വീഴ്ചയുണ്ടായെന്നു റിപ്പോർട്ട്
Mail This Article
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 വയസ്സുകാരിയുടെ ഇടതുകയ്യിലെ ആറാം വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ അസോഷ്യേറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസണിൽനിന്ന് പൊലീസ് മൊഴിയെടുത്തു. മെഡിക്കൽ കോളജ് എസിപി കെ.ഇ.പ്രേമചന്ദ്രനാണു മൊഴി രേഖപ്പെടുത്തിയത്. മറ്റു ഡോക്ടർമാരുടെയും മൊഴി എടുത്തു. സംഭവത്തെത്തുടർന്ന് സസ്പെൻഷനിലായ ഡോ. ബിജോൺ ജോൺസൺ നാട്ടിലേക്ക് പോയിരുന്നു. ഇവിടെനിന്ന് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണു ചെറുവണ്ണൂർ സ്വദേശിയായ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയത്. പിഴവുണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കായി പരിശോധിക്കുമ്പോൾ കുഞ്ഞിന്റെ നാവിൽ കെട്ട് കണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ ഈ ശസ്ത്രക്രിയ നടത്തിയെന്നുമാണ് ഡോക്ടറുടെ മൊഴി. ചികിത്സാപ്പിഴവുണ്ടായോയെന്ന് അറിയാൻ ഡിഎംഇയ്ക്ക് കത്തുനൽകുമെന്ന് എസിപി അറിയിച്ചു.
സംഭവത്തിൽ ഡോക്ടറുടെ ഭാഗത്തു വീഴ്ചയുണ്ടായെന്നാണു വകുപ്പുതല അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിച്ചു. വകുപ്പുതല അന്വേഷണസംഘവും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. കുഞ്ഞിന്റെ നാവിനു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് മെഡിക്കൽ രേഖകൾ പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെത്തി.