ADVERTISEMENT

പട്ന∙ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ജാതി സംവരണത്തിന് എതിരായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തെ പിന്തുടർന്നുവന്ന കോൺഗ്രസ് പ്രധാനമന്ത്രിമാരെല്ലാം സംവരണ വിരോധികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ മോത്തിഹാരിയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്നും സംവരണങ്ങൾ ഇല്ലാതാക്കുമെന്നുമുള്ള ഇന്ത്യാ മുന്നണിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.

‘‘എസ്‌സി, എസ്‌ടി, ഒബിസി വിഭാഗത്തിന് സംവരണം ഏർപ്പെടുത്താൻ നെഹ്റു സമ്മതിച്ചിരുന്നില്ല. അന്നത്തെ രാജ്യത്തെ മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ നെഹ്റു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് പ്രധാനമന്ത്രിമാരെല്ലാം ഇതേ പാത പിന്തുടർന്നവരായിരുന്നു. അത് ഇന്ദിരാഗാന്ധിയോ, രാജീവ് ഗാന്ധിയോ ആകട്ടെ, അവരെല്ലാവരും സംവരണത്തെ എതിർത്തിരുന്നു. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് കോൺഗ്രസിൽ നിന്ന് ബഹുമാനം ലഭിച്ചിരുന്നില്ല’’ – മോദി പറഞ്ഞു.

‘‘പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ഞങ്ങൾ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ബിജെപി നയിക്കുന്ന എൻഡിഎ ഭരണത്തിൻ കീഴിൽ മാത്രമേ എസ്‌സി, എസ്‌ടി, ഒബിസി  വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്താനാണ് ഇന്ത്യാ സഖ്യത്തിന്റെ പദ്ധതി. നിലവിൽ ഇന്ത്യാ സഖ്യത്തിന് ഒരേയൊരു വോട്ട്ബാങ്ക് മാത്രമേയുള്ളൂ. അവർക്ക് എസ്‌സി, എസ്‌ടി, ഒബിസി വിഭാഗക്കാരുടെ പിന്തുണയില്ല. അതിനാൽ അവർ ഇപ്പോൾ വോട്ട് ജിഹാദ് നടത്തുന്നവരെ മാത്രം പിന്തുണയ്ക്കുകയാണ്.’’– പ്രധാനമന്ത്രി ആരോപിച്ചു.

∙ ഇന്ത്യാ മുന്നണി അഴിമതിയുടെ മേൽവിലാസം

20 ലക്ഷം കോടി രൂപയുടെ അഴിമതികൾ നടത്തിയ പാർട്ടികൾ ഒന്നിച്ചാണു ഇന്ത്യാമുന്നണി രൂപീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെ മേൽവിലാസമാണ് ഇന്ത്യാമുന്നണി. വർഗീയതയും ജാതീയതയും കുടുംബ രാഷ്ട്രീയവും ഇന്ത്യാമുന്നണി ഘടകകക്ഷികളുടെ പൊതു സ്വഭാവമാണെന്നും മോദി ആരോപിച്ചു. മോതിഹാരിയിൽ എൻഡിഎ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തനിക്കു പിൻഗാമികളില്ലെന്നും ജനങ്ങളാണു തന്റെ പിന്മുറക്കാരെന്നും മോദി പറഞ്ഞു. എഴുപത്തഞ്ചു വയസു തികയുമ്പോൾ മോദി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് അമിത് ഷായെ പിൻഗാമിയാക്കുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാദത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം.

ജനങ്ങൾ അഞ്ചു വർഷത്തേക്കു കൂടി തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന കാര്യം പ്രതിപക്ഷത്തിനു സഹിക്കാനാകുന്നില്ല. തിരഞ്ഞെടുപ്പു ഫല പ്രഖ്യാപന ദിവസമായ ജൂൺ നാല് അടുക്കുന്തോറും തനിക്കെതിരായ പ്രതിപക്ഷത്തിന്റെ ആക്രമണം രൂക്ഷമാകുകയാണെന്നും മോദി പറഞ്ഞു. അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനും ‘ടുക്കഡേ ടുക്കഡേ ഗ്യാംഗി’നും എതിരായിരിക്കും തിരഞ്ഞെടുപ്പു ഫലം. ഇന്ത്യാമുന്നണിയുടെ പാപങ്ങളും പേറി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നും മോദി പറഞ്ഞു.

English Summary:

Narendra Modi says all Congress Prime Ministers are against reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com