ADVERTISEMENT

തിരുവനന്തപുരം∙ തൈക്കാട് ആശുപത്രിയില്‍ മൂന്നു ദിവസം മുന്‍പ് മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. പോസ്റ്റ്മോർട്ടത്തിനുശേഷമാണ് മൃതദേഹം വിട്ടുനൽകിയത്. മൃതദേഹം മൂന്നു ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം വിട്ടുകിട്ടാൻ കുട്ടിയുടെ അമ്മയായ കഴക്കൂട്ടം സ്വദേശിനിയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നിൽ ശവപ്പെട്ടിയുമായി പ്രതിഷേധിച്ചിരുന്നു. ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ തൈക്കാട് ആശുപത്രിയോട് പൊലീസ് റിപ്പോർട്ട് തേടിയിരുന്നു.

മേയ് 16നു രാത്രി കുട്ടിക്ക് അനക്കമില്ലെന്ന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം സ്വദേശി പവിത്ര തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ഇവിടെ ഡോക്ടര്‍മാര്‍ കൃത്യമായ പരിശോധന നടത്തുകയോ ചികിത്സ നല്‍കുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് 17ന് സ്വകാര്യ ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായി കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം എസ്എടി ആശുപത്രിയില്‍ എത്തിച്ച് കുട്ടിയെ പുറത്തെടുത്തു. 

പോസ്റ്റ്‌മോർട്ടം നടത്തി കുട്ടിയുടെ മൃതദേഹം വേഗം തന്നെ വിട്ടുനല്‍കാൻ ആശുപത്രി അധികൃതർ തയാറായില്ല. ‌കൂടുതല്‍ പരിശോധന വേണമെന്നും ഉടന്‍ തന്നെ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം വിട്ടു നല്‍കുമെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പ്രതിഷേധങ്ങൾക്കു പിന്നാലെ മൃതദേഹം വിട്ടുനൽകി. 16ന് തൈക്കാട് ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English Summary:

The post-mortem of the unborn child who died at Thaikkad Hospital will be conducted soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com