സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കർശന പരിശോധന; ഉത്തരവുമായി എക്സൈസ് കമ്മിഷണർ
Mail This Article
തിരുവനന്തപുരം∙ സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ എക്സൈസ് കമ്മിഷണർ പരിശോധനാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്കൂൾ പരിസരത്ത് സ്ഥിരമായി വന്നുപോകുന്ന, കറങ്ങി നടക്കുന്ന യുവാക്കളെ നിരീക്ഷിക്കാൻ കമ്മിഷണർ നിർദേശിച്ചു. ഇത്തരക്കാരെക്കുറിച്ചുള്ള വ്യക്തി വിവരങ്ങൾ ശേഖരിക്കണം. ഏതൊക്കെ സ്കൂൾ വിദ്യാർഥികളുമായി ഇവർ ബന്ധപ്പെടാൻ ശ്രമിക്കുന്നെന്നും, നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരാണോ എന്നും പരിശോധിക്കണം.
സ്ഥിരമായി ഇരുചക്രവാഹനങ്ങളിലും കാറുകളിലും സ്കൂൾ പരിസരത്ത് ചുറ്റിത്തിരിയുന്നവർ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ ആണോ എന്ന് പരിശോധിക്കണം. രക്ഷിതാക്കൾ അല്ലെങ്കിൽ അവർ അവിടെ വരുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കണം. നിയമവിരുദ്ധ കാര്യങ്ങൾക്കാണ് വരുന്നതെങ്കിൽ എക്സൈസ് വകുപ്പ് മറ്റു വകുപ്പുകളുമായി ചേർന്ന് നടപടി സ്വീകരിക്കണം.
എക്സൈസ് റേഞ്ച് പരിധിയിലെ കുട്ടികളുടെ യൂണിഫോം വിവരങ്ങൾ മനസിലാക്കി വയ്ക്കണം. സ്കൂൾ സമയത്ത് യൂണിഫോമിൽ കറങ്ങി നടക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് സ്കൂളുകൾ മുഖേന രക്ഷിതാക്കളെ അറിയിക്കണം. ഓരോ റേഞ്ചിന്റെയും പരിധിയിൽവരുന്ന ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ പട്ടിക ജൂൺ ആറിനകം ശേഖരിക്കണമെന്നും എക്സൈസ് കമ്മിഷണർ നിർദേശിച്ചു.