ADVERTISEMENT

കൊച്ചി∙ ആലുവാപ്പുഴ കടന്ന് വിമാനം നെടുമ്പാശേരി യിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിലേക്കു താഴുമ്പോൾ ആദ്യം കണ്ണിൽപ്പെടുന്നത് സുന്ദര ഭൂപ്രകൃതി മാത്രമല്ല, വേറെങ്ങും കണ്ടിട്ടില്ലാത്ത തരം ടെർമിനൽ കെട്ടിടം കൂടിയാണ്. കേരളീയ വാസ്തു ശിൽപകല വിളങ്ങി നിൽക്കുന്ന സൗധം. അവിടെ തുടങ്ങുന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചരിത്രവും പെരുമയും.

നേവിയുടെ ആവശ്യങ്ങൾക്കു വേണ്ട ചെറിയ വിമാനത്താവളം മാത്രമുണ്ടായിരുന്ന കൊച്ചിയുടെ വലിയ മോഹമായിരുന്നു സ്വന്തം ചിറകുകൾ. രാഷ്ട്രപതി കെ.ആർ.നാരായണൻ 1999 മേയ് 25ന് ഉദ്ഘാടനം ചെയ്ത് ജൂൺ പത്തിന് ആദ്യ എയർ ഇന്ത്യ വിമാനം പറന്നു പൊങ്ങിയപ്പോൾ ആ മോഹം ചിറകുമുളച്ചതു കണ്ടു. ഇന്നത്തെ ദമാമിലേക്കുള്ള എയർ ഇന്ത്യയുടെ ദഹ്റാൻ വിമാനം. 

ആദ്യ വർഷം 5 ലക്ഷത്തിൽ താഴെ യാത്രക്കാർ. അടുത്ത വർഷം 7.7 ലക്ഷം യാത്രക്കാരും 10747 വിമാന സർവീസുകളും. 1531 ടൺ കാർഗോ. വിമാന സർവീസുകൾ കഴിഞ്ഞ വർഷം 70203. യാത്രക്കാർ ഒരു കോടി 5 ലക്ഷം. 

കാർഗോ 63642 ടൺ. കേരളത്തിന്റെ ആകെ വിമാന യാത്രക്കാരുടെ 63% കൈകാര്യം ചെയ്യുന്നു. 12 കോടി യാത്രികരെ ഇതുവരെ ലോകമാകെ എത്തിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൂടി. 55%.

ഇന്ത്യയ്ക്കകത്തും പുറത്തുമായി 29 വിമാനക്കമ്പനികൾ ഇവിടെ നിന്ന് 38 നഗരങ്ങളിലേക്ക് പറക്കുന്നു. ആഴ്ചയിൽ ലണ്ടനിലേക്ക് 4 സർവീസ്, ബാങ്കോക്കിലേക്ക് 13, ക്വാലലംപൂരിലേക്ക് 27, ദുബായിലേക്ക് 60, ബെംഗളൂരുവിലേക്ക്  140,ഡൽഹിയിലേക്ക് 98, മുംബൈയിലേക്ക് 49. 

കൊച്ചി രാജ്യാന്തര പ്രശസ്തമായത് ഹരിത വൈദ്യുതി ഉൽപാദനത്തിലൂടെയാണ്. 2015 മുതൽ സൗരോർജം കൊണ്ടു മാത്രം പ്രവർത്തിക്കുന്ന ലോകത്തെ  ഏക വിമാനത്താവളമായി. നിലവിൽ 50 മെഗാവാട്ട് സ്ഥാപിതശേഷി. ഇതുവരെ 35 കോടി യൂണിറ്റ് ഉൽപാദിപ്പിച്ചു. 

പയ്യന്നൂരിൽ മൊട്ടക്കുന്ന് വാങ്ങി 12 മെഗാവാട്ട് സോളർ പ്ലാന്റ് സ്ഥാപിച്ചു. കോഴിക്കോട് അരിപ്പാറ ഇരുവഞ്ഞിപ്പുഴയിൽ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതി. സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി ഉൽപാദനം പിന്നീട് അധിക വൈദ്യുതി കെഎസ്ഇബിക്ക് വിൽക്കുന്നതിലെത്തി. 

യുഎന്നിന്റെ ഏറ്റവും പ്രമുഖ പരിസ്ഥിതി അംഗീകാരമായ ചാംപ്യൻസ് ഓഫ് എർത്ത് ലഭിച്ചു. ഏഷ്യ പസിഫിക് മേഖലയിൽ വർഷം 50 ലക്ഷം മുതൽ 1.5 കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളിൽ ഏറ്റവും മികച്ചതിനുള്ള അവാർഡ് 5 വർഷമായി എയർപോർട്സ് കൗൺസിൽ ഇന്റർനാഷനൽ നൽകുന്നു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ലാഭത്തിലായ വിമാനത്താവളമാണ് കൊച്ചി. ഇതുവരെ നിക്ഷേപത്തിന്റെ 317% ലാഭ ഓഹരിയായി നൽകിയിട്ടുണ്ട്.  

അടുത്ത ഘട്ടത്തിലേക്ക് 

ഇനിയാണു കൊച്ചി വേറെ ലവലിലേക്കു മാറേണ്ടത്. അതിന്റെ ആദ്യ ഭാഗമായിരുന്നു ബിസിനസ് ജറ്റ് ടെർമിനൽ. 1800 സർവീസുകൾ ഇതിനകം വന്നു. ദുബായ്, ഫ്രാങ്ക്ഫർട്ട് പോലെ മറ്റൊരു വ്യോമയാന ഹബ് ആയി മാറാൻ കൊച്ചിക്കു കഴിയും. തിരക്ക് കൂടുന്നതിനാൽ രണ്ടാമത്തെ റൺവേ വേണം.

വിമാനങ്ങളുടെ എണ്ണം കൂടുന്നതിനാൽ ഏപ്രണിന്റെ വലിപ്പം കൂട്ടണം. 15 ലക്ഷം ചതുരശ്രയടി കൂട്ടുകയാണ്. ഒരേ സമയം 36  വിമാനങ്ങൾ പാർക്ക് ചെയ്യുന്നത് 44 വിമാനങ്ങളാവും. രാജ്യാന്തര ടെർമിനലിന്റെ വലുപ്പം 5 ലക്ഷം ചതുരശ്രയടി വർധിപ്പിക്കുന്നു. പുതിയ ആഭ്യന്തര ടെർമിനൽ വരുന്നു. കാർഗോ ടെർമിനലിന് വർഷം 2 ലക്ഷം ടൺ ശേഷിയാക്കി.

vj-kurian

∙ പുതിയ സർവീസുകൾ മാറ്റമുണ്ടാക്കും

(വി.ജെ.കുര്യൻ, സിയാൽ സ്ഥാപക എംഡി)

ഇന്ന് ഇത്തരം സംരംഭം സാധ്യമാണോ.

ലോകത്തു തന്നെ ഏറ്റവും ചെലവു കുറച്ചു നിർമിച്ച വിമാനത്താവളങ്ങളിലൊന്നാണു കൊച്ചി. ടെർമിനൽ പണിയാൻ വാഗ്ദാനവുമായി ആദ്യം വന്ന അമേരിക്കൻ കമ്പനി 500 കോടി ചോദിച്ചപ്പോൾ കിറ്റ്കോയെക്കൊണ്ട് രൂപകൽപ്പന ചെയ്ത് 305 കോടി രൂപയ്ക്ക് പണിതീർത്തു. വളരെ വേഗം നിക്ഷേപകർക്ക് ലാഭവിഹിതം കൊടുക്കാൻ കഴിഞ്ഞത് അതുകൊണ്ടു കൂടിയാണ്. 

അടുത്ത ലവൽ.

അടിയന്തരമായി രണ്ടാം റൺവേ പണിയണം. 2028ൽ ഇപ്പോഴത്തെ റൺവേയുടെ റീകാർപ്പറ്റിങ് നടത്തണം. അതിന് പകൽ വിമാനത്താവളം അടച്ചിടേണ്ടി വരും. അതൊഴിവാക്കാൻ സമാന്തരമായി പുതിയ റൺവേ വരണം. തെക്കുഭാഗത്ത്  300 ഏക്കർ സ്ഥലം ഏറ്റെടുക്കണം. യൂറോപ്പിലേക്കും മറ്റും നേരിട്ടുള്ള വിമാനങ്ങളുടെ വരവ് വലിയൊരു മാറ്റമാവും.

s-suhas

നടപ്പാക്കുന്നത് 7 മെഗാ പദ്ധതികൾ

(എസ്. സുഹാസ്, സിയാൽ എംഡി)

സാധാരണ യാത്രക്കാർക്ക് പുതിയ സൗകര്യം

ഏതാനും മണിക്കൂർ നേരത്തെ താമസത്തിന് സൗകര്യം ഏർപ്പെടുത്തുകയാണ്. 0484 എന്ന പേരിൽ ആഡംബര എയ്റോ ലൗഞ്ച് വരുന്നു. പുറത്തെ ഹോട്ടലുകളിൽ പോകാതെ ടെർമിനലിനുള്ളിൽ കുറഞ്ഞ ചെലവിൽ മണിക്കൂർ കണക്കാക്കി മുറിയെടുക്കാം.

അടുത്ത ഘട്ടം

7 മെഗാ പദ്ധതികളാണു നടപ്പാക്കുന്നത്. ഏപ്രണിന്റെ പണി കഴിയാറായി. കാർഗോ ടെർമിനൽ പ്രവർത്തിച്ചു തുടങ്ങി. രാജ്യാന്തര ടെർമിനൽ ഉടൻ പൂർണമാവും. ആഭ്യന്തര ടെർമിനൽ പുതിയത് വരും. ഗോൾഫ് റിസോർട്ട് നിർമിക്കുന്നു. എയ്റോ ലൗഞ്ച് വലിയ സൗകര്യമാവും. താജ് ഹോട്ടൽ ഉടൻ. എല്ലാറ്റിനും ബോർഡിന്റെ പിന്തണയുണ്ട്.

English Summary:

CIAL to the next level

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com