മഴ തുടരും: എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെലോ അലർട്ട്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നിലവിലെ മഞ്ഞ അലർട്ട് ഓറഞ്ച് അലർട്ട് ആയി കേന്ദ്രകലാവസ്ഥാ വകുപ്പ് പുതുക്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിച്ചിരിക്കുന്നത്.
വടക്കൻ കേരളത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദമാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പ്രതീക്ഷിക്കുന്നതിനാൽ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ വ്യാപക നഷ്ടമാണ് ഉണ്ടായത്. ആകെ ക്യാമ്പുകളിലായി 223 പേരെ മാറ്റിപ്പാർപ്പിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
∙ രാജ്യത്ത് കൂടുതൽ മഴ ആലപ്പുഴ ജില്ലയിൽ
ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ആലപ്പുഴ ജില്ലയിൽ- 105.3 മില്ലിമീറ്റർ. എറണാകുളം (97.4), കോട്ടയം (92.7) ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ സംസ്ഥാനത്താകെ 54.2 മില്ലിമീറ്റർ മഴ പെയ്തു. മാർച്ച് 1 മുതലുള്ള വേനൽമഴ സീസണിൽ സംസ്ഥാനത്ത് ഇന്നലെവരെ 326.4 മില്ലിമീറ്റർ മഴ പെയ്തു. ഇതോടെ കേരളത്തിൽ വേനൽമഴ 18% അധികം ലഭിച്ചു.