ബിസിനസുകാർക്കെതിരെ മോശം പരാമർശം; ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രനെ കയ്യേറ്റം ചെയ്യാൻ ശ്രമം
Mail This Article
കോഴിക്കോട്∙ പ്രസംഗത്തിനിടയിൽ ബിസിനസുകാരെ തെണ്ടികൾ എന്നുവിളിച്ച ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രനെ കയ്യേറ്റം ചെയ്യാൻ ശ്രമം. ഇതോടെ പരിപാടി റദ്ദാക്കി ഇദ്ദേഹത്തെ സംഭവ സ്ഥലത്തുനിന്ന് മാറ്റി. കഴിഞ്ഞ ദിവസം റോട്ടറി ഇന്റർനാഷനൽ സംഘടിപ്പിച്ച പരിപാടിയാണ് പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയത്. പ്രസംഗത്തിനിടെ അനിൽ ബിസിനസുകാർക്കെതിരെ മോശം വാക്കുകൾ ഉപയോഗിക്കുകയായിരുന്നു.
അധിക്ഷേപം തുടർന്നതോടെ സദസിൽനിന്ന് ആളുകൾ ഇടപെട്ടു. പരിപാടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അനിലിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെ സംഘാടകർ ഇടപെട്ട് പരിപാടി നിർത്തിവയ്ക്കുകയായിരുന്നു. ഉച്ചയ്ക്കു നടക്കേണ്ട പരിപാടിയിൽ മതിയായ ശ്രോതാക്കളില്ലെന്നു പറഞ്ഞ് അനിൽ ബാലചന്ദ്രൻ ഹോട്ടലിൽനിന്ന് വേദിയിലേക്കു വരാൻ തയാറായില്ലെന്ന് സംഘാടകർ പറഞ്ഞു. പിന്നീട് സംഘാടകർ അനുനയിപ്പിച്ചാണ് വേദിയിലേക്ക് കൊണ്ടുവന്നത്. ഒരു മണിക്കൂർ വൈകിയായിരുന്നു പരിപാടി തുടങ്ങിയത്. പ്രസംഗം ആരംഭിച്ച് അധികം വൈകാതെ ഇയാൾ സംഘാടകരെയും ശ്രോതാക്കളെയും ചീത്ത വിളിക്കാൻ തുടങ്ങി.
വ്യവസായികളെ തെണ്ടികൾ എന്നു വിളിച്ചതോടെയാണ് ശ്രോതാക്കൾ പ്രകോപിതരായത്. പ്രസംഗം തുടരേണ്ടതില്ലെന്ന് ആളുകൾ വ്യക്തമാക്കി. സംഘർഷത്തിലേക്ക് നീങ്ങിയതോടെ അനിലിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. മേയ് 21, 22 ദിവസങ്ങളിലായിരുന്നു കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ റോട്ടറി ഇന്റർനാഷനലിന്റെ മെഗാ ബിസിനസ് കോൺക്ലേവ് നടന്നത്.