ആംബുലൻസ് കട്ടപ്പുറത്ത്; അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവർ ചികിത്സ വൈകി മരിച്ചു
Mail This Article
അഗളി (പാലക്കാട്) ∙ അപകടത്തിൽ പരുക്കേറ്റ ഓട്ടോഡ്രൈവർ ആശുപത്രിയിലെത്താൻ ആംബുലൻസ് കിട്ടാതെ ചികിത്സ വൈകി മരിച്ചു. അട്ടപ്പാടി ഗൂളിക്കടവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ വൻമരം കടപുഴകി വീണു പരുക്കേറ്റ ഡ്രൈവർ ഒമ്മല പനവെച്ച പറമ്പിൽ ഫൈസൽ (ലിൻസൻ– 28) ആണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം.
ഗൂളിക്കടവ് പള്ളിക്കു സമീപം മൺതിട്ടയ്ക്കു മുകളിൽ നിന്ന മരമാണു വേരറ്റു വീണത്. മരത്തിന്റെ വലിയ കൊമ്പ് ഓട്ടോറിക്ഷയുടെ മുൻഭാഗം തകർത്ത് ഉള്ളിലേക്കു കയറി. കോട്ടത്തറ ആശുപത്രിയിലെത്തിച്ച ഫൈസലിനെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലേക്ക് അയയ്ക്കാൻ മൂന്നര മണിക്കൂറാണു കാത്തിരിക്കേണ്ടി വന്നത്. ആശുപത്രിയിലെ ഏക ജീവൻരക്ഷാ ആംബുലൻസ് ഒരു മാസമായി വർക്‌ഷോപ്പിലാണ്.
വി.കെ.ശ്രീകണ്ഠൻ എംപിയുടെ ഫണ്ടിൽ അനുവദിച്ച ആംബുലൻസ് എസിയുടെ തകരാർ പരിഹരിക്കാനാണു തൃശൂരിലെ വർക്‌ഷോപ്പിലേക്ക് അയച്ചത്. ഇതു വരെ തിരികെ കിട്ടിയിട്ടില്ല. വൈകിട്ട് ആറരയോടെ മണ്ണാർക്കാട്ടു നിന്ന് ആംബുലൻസ് എത്തിച്ചാണു കൊണ്ടു പോയത്. ഭാര്യ:സെഫീന
മകൻ: മിസ്ഹബ്.