ADVERTISEMENT

കോട്ടയം∙ എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയിട്ടും വേണാട് എക്സ്പ്രസ് വഴിയിൽ ഇഴയുന്നതായി പരാതി. പതിവിലും കൂടുതൽ യാത്രക്കാരുള്ള വെള്ളിയാഴ്ച വൈകിട്ട് ഇടപ്പള്ളിക്കും എറണാകുളം നോർത്ത് സ്റ്റേഷനും ഇടയ്ക്കുള്ള 6 കിലോമീറ്റർ ദൂരം താണ്ടാൻ ഒരു മണിക്കൂറിലധികം എടുത്തതായി യാത്രക്കാർ പറയുന്നു. ഇതിനിടെ കോട്ടയം വഴിയുള്ള കേരള എക്സ്പ്രസ് കടത്തിവിടുകയും ചെയ്യും. സൗത്ത് സ്റ്റേഷനിലെ യാത്രക്കാർ മറ്റു മാർഗങ്ങളില്ലാതെ വൈകിട്ട് 6.15 വരെ മെമു കാത്തിരിക്കുമ്പോഴാണ് വിളിപ്പാടകലെ വേണാടിന്റെ വഴിനീളെക്കിടന്നുള്ള ആളൊഴിഞ്ഞ യാത്രയെന്നാണ് ആക്ഷേപം.

‘‘മിക്ക ദിവസങ്ങളിലും രാവിലെ വേണാട് വൈകിയാണ് എറണാകുളത്ത് എത്തുന്നത്. വൈകിട്ട് 4.30 ഓടെ ഇടപ്പള്ളിയിലെത്തിയ വേണാട് നോർത്ത് സ്റ്റേഷൻ വിട്ടത് 5.38ന്. ഇതിനു പിന്നാലെ എത്തിയ കേരള എക്സ്പ്രസ് ഇടപ്പള്ളിയിൽ വച്ച് കടത്തിവിട്ടു. എതിർ ദിശയിലുള്ള ജനശതാബ്ദി, ഇന്റർസിറ്റി എക്സ്പ്രസുകള്‍ക്കും വഴിയൊരുക്കിയ ശേഷമാണ് വേണാട് നോർത്ത് സ്റ്റേഷൻ വിട്ടത്. ഈ സമയമൊക്കെയും 6.15 നുള്ള കൊല്ലം മെമുവിനായി നൂറുകണക്കിനാളുകൾ സൗത്ത് സ്റ്റേഷനിൽ കാത്തിരിപ്പാണ്. സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ വേണാടിൽ വൈകിട്ട് തിരക്കുമില്ല.

പതിവിലും കൂടുതൽ യാത്രക്കാരുള്ള വെള്ളിയാഴ്ച പോലും ഒഴിഞ്ഞ സീറ്റുമായാണ് യാത്ര. മിനിറ്റുകൾക്കു മുൻപ് കടത്തിവിട്ട കേരള എക്സ്പ്രസിനെ നോർത്ത്, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലുള്ള യാത്രക്കാർ ആശ്രയിച്ചതോടെ വേണാടിൽ ആളൊഴിഞ്ഞു,’’ – വേണാട് എക്സ്പ്രസിലെ യാത്രക്കാരനായ ശ്രീജിത്ത് പറഞ്ഞു. മിക്ക ദിവസങ്ങളിലും ഇതാണ് അവസ്ഥയെന്നും യാത്രക്കാർ പറയുന്നു. എന്നാൽ 6.15ന് സൗത്ത് സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന മെമുവിൽ തിരക്ക് അസഹനീയമാണ്.

മെട്രോയിൽ മുടക്കുന്നതിൽ കൂടുതൽ ശമ്പളത്തിൽ പോകും

രാവിലെയും വേണാട് വൈകുന്നതായാണ് യാത്രക്കാരുടെ പരാതി. കൃത്യസമയം പാലിച്ച് എത്തിയാൽപോലും രാവിലെ 9.50ന് എറണാകുളം ടൗണിൽ വേണാടിൽ വന്നിറങ്ങുന്ന യാത്രക്കാരൻ മെട്രോ സ്റ്റേഷനിലെത്തി ബാഗ് സ്കാനും ചെക്കിങ്ങും കഴിഞ്ഞ് രണ്ടാമത്തെ നിലയിലെത്തുമ്പോഴേക്കും ഓഫിസ് സമയം അതിക്രമിക്കും. തൃപ്പൂണിത്തുറയിൽനിന്ന് മെട്രോയിൽ കയറിയാലും ഇതുവരെ വേണാട് സൗത്ത് സ്റ്റേഷനിൽ എത്തിക്കൊണ്ടിരുന്ന സമയത്ത് എത്താൻ സാധിക്കില്ല. ഈ യാത്രയ്ക്കും അധിക പണം കണ്ടെത്തണം.

മെട്രോ കാർഡ് ഉപയോഗിച്ചാൽതന്നെ തൃപ്പൂണിത്തുറയിൽനിന്ന് സൗത്തിൽ എത്താൻ ഒരു ദിശയിലേക്ക് 24 രൂപ വേണം. സാധാരണക്കാരനെ സംബന്ധിച്ച് ദിവസവും 48 രൂപയെന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് 270 രൂപയ്ക്ക് ഒരുമാസം സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ഒരാൾ തൃപ്പൂണിത്തുറയിൽ നിന്ന് കേവലം ഒരു സ്റ്റേഷൻ പിന്നിടാൻ 1440 രൂപ അധികമായി കണ്ടെത്തണം. ഈ തുക മുടക്കിയാൽ തന്നെ സമയത്ത് ഓഫിസിൽ എത്താൻ കഴിയില്ലെന്നതിനാൽ ഇതിലും വലിയ തുക ശമ്പളത്തിൽ നഷ്ടമാകുമെന്ന് യാത്രക്കാർ പറയുന്നു.

പരിഹാരം സമയമാറ്റം, മെമു

രാവിലെ 6.58ന് കോട്ടയത്തുനിന്നു പുറപ്പെടുന്ന പാലരുവി കഴിഞ്ഞാൽ ഒന്നര മണിക്കൂറിന് ശേഷമാണ് വേണാട് സർവീസ് നടത്തുന്നത്. രാവിലെ ട്രെയിനിലെ തിരക്കിന് മൂലകാരണം ഈ ഇടവേളയാണ്. പാലരുവിക്കും വേണാടിനും ഇടയിൽ മെമു വന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. എന്നാൽ ഇതിനോട് അനുഭാവപൂർവമായ തീരുമാനം ഇതുവരെയും അധികൃതർ കൈക്കൊണ്ടിട്ടില്ല. യാത്രക്കാർക്ക് ഉപകാരപ്രദമാകും വിധം വേണാടിന്റെ സമയം പുനഃക്രമീകരിക്കണമെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് അവശ്യപ്പെട്ടു.

English Summary:

Complaint against Venad Express for Late Running

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com