ADVERTISEMENT

ചെന്നൈ ∙ വിവാദ യുട്യൂബർ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാനിയമം ചുമത്തിയത് ചോദ്യംചെയ്ത ഹർജിയിൽ തന്നെ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഹൈക്കോടതി ജഡ്ജി. ചില ‘ഉന്നതർ’ തന്നെ വന്നുകണ്ട് വ്യാഴാഴ്ച അന്തിമവാദം കേൾക്കരുതെന്ന് ആവശ്യപ്പെട്ടതായി ജസ്റ്റിസ് ജി.ആർ.സ്വാമിനാഥനാണ് കോടതിയിൽ വെളിപ്പെടുത്തിയത്. ഇതോടെയാണ് വ്യാഴാഴ്ച തന്നെ കേസ് പരിഗണിക്കാനും വിധി പറയാനും തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സവുക്ക് ശങ്കറിന്റെ മാതാവ് കമല സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ജി.ആർ.സ്വാമിനാഥനും ജസ്റ്റിസ് പി.ബി.ബാലാജിയുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഗുണ്ടാനിയമം ചുമത്തിയത് റദ്ദാക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ വിധിച്ചപ്പോൾ നടപടി റദ്ദാക്കേണ്ടതില്ലെന്നാണ് ജസ്റ്റിസ് ബാലാജിയുടെ തീരുമാനം. തുടർന്ന്, കേസിൽ അന്തിമവിധി പുറപ്പെടുവിക്കാൻ മൂന്നാമതൊരു ജഡ്ജിയെ നിയമിക്കാൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനോട് ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കഴിഞ്ഞ 4ന് കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത ശങ്കറിനെതിരെ കഞ്ചാവ് കൈവശം വച്ചതിനും സിഎംഡിഎയുടെ പേരിൽ വ്യാജരേഖ ചമച്ചതിനും ഉൾപ്പെടെ പത്തോളം കേസുകൾ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ചെന്നൈ പൊലീസ് കമ്മിഷണർ പ്രതിക്കെതിരെ ഗുണ്ടാനിയമം ചുമത്തി ഉത്തരവിറക്കിയത്.

English Summary:

Judge Reveals Influence Attempt in Savuk Shankar Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com