'കാരവാൻ കേരള' ശരിയായ ദിശയിൽ; ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാട്ടി ചെറുതാക്കി കാണരുതെന്ന് ടൂറിസം വകുപ്പ്
Mail This Article
കൊച്ചി∙കേരളത്തിൻറെ കാരവാൻ ടൂറിസം പദ്ധതിയായ 'കേരവാൻ കേരള' ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് കേരള ടൂറിസം വകുപ്പ്. കാരവാൻ ടൂറിസത്തിന്റെ വാണിജ്യ പങ്കാളികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വകുപ്പ് പറയുന്നു. സംസ്ഥാനത്തെ ടൂറിസം വളർച്ചയ്ക്ക് കാരവാൻ ടൂറിസം സുപ്രധാന പങ്കാണ് വഹിക്കുന്നത്. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഏറ്റവും പറ്റിയ ടൂറിസം ഉത്പന്നമാണിതെന്നും ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സംരംഭത്തെ ഇകഴ്ത്തികാട്ടുന്നത് ശരിയല്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
നടപ്പു സാമ്പത്തികവർഷം കാരവാൻ ടൂറിസത്തിന് സബ്സിഡികൾ നൽകാനായി 3.10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാരവാൻ ടൂറിസവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പുമായി കരാറിലേർപ്പെട്ട 13 സംരംഭകർക്ക് 7.5 ലക്ഷം രൂപ വച്ച് 97.5 ലക്ഷം രൂപ സബ്സിഡി നിലവിൽ നൽകിയിട്ടുണ്ട്. ടൂറിസം വകുപ്പുമായി കരാറിലേർപ്പെട്ട കാരവാനുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് നൽകി. കാരവാൻ ഓപ്പറേറ്റർമാർക്കും, പാർക്ക് ഉടമകൾക്കും വലിയ ഇൻസൻറീവുകളായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്.
കാസർകോഡ് ബേക്കൽ, കൊച്ചി ബോൾഗാട്ടി പാലസ് എന്നിവിടങ്ങളിൽ കാരവാൻ പാർക്ക് അനുവദിക്കുന്നതിനായി കെടിഡിസി നൽകിയ ശുപാർശയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതോടൊപ്പം കുമരകം, തേക്കടി, മൂന്നാർ,വയനാട് എന്നിവിടങ്ങളിൽ പാർക്കിംഗ് സംവിധാനം ആരംഭിക്കാവുന്നതാണെന്ന് കെടിഡിസി എംഡി അറിയിച്ചു. സംസ്ഥാനത്തെ ആദ്യ സ്വകാര്യ കാരവാൻ പാർക്ക് വാഗമണിൽ പ്രവർത്തിച്ചു വരികയാണ്.