തീപിടിത്തമുണ്ടായ ആശുപത്രിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞത്; ചികിത്സ ആയുർവേദ ഡോക്ടർമാർ വക
Mail This Article
ന്യൂഡൽഹി ∙ ഏഴ് നവജാതശിശുക്കള്‍ തീപിടിത്തത്തിൽ മരിച്ച ഡൽഹി വിവേക് വിഹാറിലെ ആശുപത്രിയിൽ ഗുരുതര സുരക്ഷാവീഴ്ചകളുണ്ടായിരുന്നതായി പൊലീസ് റിപ്പോർട്ട്. ആശുപത്രിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞിട്ട് രണ്ടു മാസമായെന്നും ആയുർവേദ ഡോക്ടർമാരാണ് ഇവിടെ നവജാതശിശുക്കളെ പരിചരിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞാൽ പരമാവധി 5 രോഗികളെ മാത്രമേ കിടത്തി ചികിത്സിക്കാവൂ എന്നാണ് ചട്ടം. എന്നാൽ അപകടസമയത്ത് 12 കുഞ്ഞുങ്ങളാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്.
സംഭവത്തിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഡൽഹിയിലെ വിവേക് വിഹാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് പന്ത്രണ്ടും പതിനഞ്ചും ദിവസം പ്രായമുള്ള കുട്ടികൾ മരിച്ച സംഭവത്തിലാണ് കേസ്. കമ്മീഷൻ സംഭവസ്ഥലം സന്ദർശിച്ചു.
‘‘ആശുപത്രിയുടെ ലൈസൻസിന്റെ കാലാവധി മാർച്ച് 31ന് അവസാനിച്ചെങ്കിലും പിന്നീട് പുതുക്കിയില്ല. ഇതുവരെ ഒരു തടസ്സങ്ങളുമില്ലാതെ അനധികൃതമായി ക്ലിനിക് പ്രവർത്തിച്ചു വരുകയായിരുന്നു. നവജാതശിശുക്കളെ ചികിത്സിക്കുന്ന നിയോനാറ്റൽ ഇന്റൻസീവ് കെയറിൽ വേണ്ടത്ര യോഗ്യതയോ വൈദഗ്ധ്യമോ ഇല്ലാത്ത ഡോക്ടർമാരായിരുന്നു ഉണ്ടായിരുന്നത്. ഡോക്ടർമാർക്ക് ബിഎഎംഎസ് (ബാച്ച്ലർ ഇൻ ആയുർവേദിക് മെഡിസിൻ) ഡിഗ്രിയാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആശുപത്രിയിൽ അഗ്നിരക്ഷാ സംവിധാനമോ എമർജൻസി എക്സിറ്റ് സൗകര്യമോ ഒരുക്കിയിരുന്നില്ല.’– ഷാദര ഡിസിപി സുരേന്ദർ ചൗധരി പറഞ്ഞു.
ആശുപത്രിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഓക്സിജൻ സിലിണ്ടർ ഫില്ലിങ് കേന്ദ്രത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അപകടസ്ഥലത്തുനിന്ന് 32 സിലിണ്ടറുകൾ കണ്ടെത്തിയിരുന്നു. അഗ്നിരക്ഷാ വിഭാഗത്തിൽനിന്ന് ആശുപത്രി എൻഒസി വാങ്ങിയിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
അതേസമയം, 15 മീറ്ററിൽ കുറവ് ഉയരമുള്ള കെട്ടിടങ്ങൾക്ക് എൻഒസി ആവശ്യമില്ലാത്തതിനാലാണ് വാങ്ങാത്തതെന്നാണ് അറസ്റ്റിലായ കെട്ടിട ഉടമ നവീൻ കിച്ചി പറയുന്നത്. തിങ്കളാഴ്ച അഗ്നിരക്ഷാ വിഭാഗം കെട്ടിടത്തിന്റെ ഉയരം അളക്കും. ആശുപത്രിക്ക് ഡൽഹിക്കു പുറമേ പഞ്ചാബി ബാഗ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലായി നാല് ശാഖകളാണുള്ളത്.