ADVERTISEMENT

കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ചു നൽകിയിരുന്നുവെന്ന് കോൺഗ്രസ് നേതാവും സിപിഎമ്മിന്റെ മുൻ സഹയാത്രികനുമായ ചെറിയാൻ ഫിലിപ്പ്. തിരഞ്ഞെടുപ്പിനുശേഷം അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്താണ് ഈ പിരിവ് നടന്നത്. മദ്യനയത്തിന്റെ കരട് അടക്കം നേരത്തെ തീരുമാനിച്ചു വച്ചിരുന്നു. എന്നാൽ അനിമോന്റെ ശബ്ദസന്ദേശം പുറത്തായതോടെ സിപിഎം പദ്ധതി പൊളിയുകയായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് മനോരമ ഓൺലൈനോട് വെളിപ്പെടുത്തി.

∙ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ മദ്യലോബി സിപിഎം നേതാക്കൾക്കു വൻ തുക നൽകിയതിനുള്ള ഉപകാരസ്മരണയാണു പുതിയ മദ്യനയം എന്ന താങ്കളുടെ പ്രസ്താവനയ്ക്കു പിന്നിലെ കഥയെന്താണ്?

നവകേരള സദസ് നടന്നപ്പോൾ തന്നെ സർക്കാർ ഉദ്യോഗസ്ഥർ ബാർ ഉടമകളിൽനിന്നു പണം പിരിച്ചിരുന്നു. കൊടുത്തവർ തുക പുറത്തു വെളിപ്പെടുത്തിയിട്ടില്ല. നിർബന്ധിത പിരിവ് നടത്തിയപ്പോൾ പലരും എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയാണു പണം വാങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ച് നൽകിയിരുന്നു. ബാർ ഉടമകൾക്കു പുറമേ ബാർ കിട്ടാൻ സാധ്യതയുള്ളവരിൽനിന്നും തിരഞ്ഞെടുപ്പിനു വേണ്ടി പണം പിരിച്ചു. അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്താണ് ഈ പിരിവ് നടന്നത്. 

∙ മദ്യനയത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നേ തീരുമാനമായി എന്നാണോ?

നയം രൂപപ്പെടുത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പിനു മുന്നേ നടന്നതാണ്. കരടൊക്കെ അപ്പോഴേ തയാറാക്കിയിരുന്നു. സിപിഎം നേതൃത്വം എല്ലാ തീരുമാനിച്ചശേഷം അതിനെ ടൂറിസത്തിന്റെ കെയർഓഫിലാക്കുകയായിരുന്നു. അതിനുള്ള പ്രഹസന്നങ്ങളാണ് ഈ നടത്തിയതൊക്കെ. അല്ലാതെ നേരിട്ടൊരു തീരുമാനമെടുത്താൽ പ്രശ്നമാകുമല്ലോ. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു പിന്നാലെ മദ്യനയം പ്രഖ്യാപിക്കാനായിരുന്നു പദ്ധതി

∙ അങ്ങനെയെങ്കിൽ സിപിഎം പദ്ധതി ഇപ്പോൾ ശരിക്കും പൊളിഞ്ഞോ?

ഇടുക്കിയിലെ അനിമോന്റെ ശബ്ദരേഖ വന്നതോടെയാണ് ഈ രഹസ്യനീക്കം പൊളിഞ്ഞുപോയത്. അല്ലെങ്കിൽ ഇത്രയും വിവാദമാകില്ലായിരുന്നു.

∙ താങ്കൾ സിപിഎമ്മിലുണ്ടായിരുന്ന കാലത്തും ഇങ്ങനെയൊക്കെ ആയിരുന്നോ?

ഇപ്പോഴുള്ള കാര്യമാണ് ഞാൻ പറഞ്ഞുവരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് പണപ്പിരിവിനു സിപിഎം കൂടുതൽ പ്രധാന്യം കൊടുത്ത് തുടങ്ങിയത്.

∙ പിന്നെ ഇക്കാര്യങ്ങൾ എങ്ങനെ അറിയാം? പഴയ സുഹൃത്തുക്കൾ പറഞ്ഞതാണോ?

പലരും നമ്മളോട് സംസാരിക്കുമല്ലോ. ബാർ ഉടമകളായ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് മൈൻഡുള്ള ബാർ ഉടമകളും സംസാരിച്ചിരുന്നു. അവരുടെയൊക്കെ പേരുകൾ പറയുന്നത് ശരിയല്ല. അവർക്ക് ക്ഷീണമാകും.

∙ മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞുതന്നെയാണോ ഈ പിരിവൊക്കെ നടന്നത്?

സിപിഎം നേതൃത്വം തീരുമാനിച്ചതാണ്.

∙ കെ.എം.മാണിക്കെതിരെ ഉയർന്ന ബാർകോഴയെക്കാൾ വലിയ അഴിമതിയാണോ ഇത്?

അഴിമതിയെന്നു പറയാൻ പറ്റില്ല. അഴിമതിക്കുള്ള തയാറെടുപ്പിലായിരുന്നു. പക്ഷേ, ശബ്ദരേഖ പുറത്തുവന്നതോടെ പൊളിഞ്ഞുപോയി. ശബ്ദരേഖ പുറത്തുവന്നില്ലായിരുന്നെങ്കിൽ മദ്യനയം നേരത്തെ തീരുമാനിച്ചത് അനുസരിച്ച് നടപ്പാക്കുമായിരുന്നു.

∙ ഡ്രൈ ഡേ പിൻവലിക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ നേരത്തെ എടുത്തിരുന്നു?

അതൊക്കെ നേരത്തെ തയാറാക്കി വച്ച സാധനങ്ങളാണ്. ടൂറിസത്തിന്റെ പേരിലാക്കുക എന്നതു മാത്രമേ ഉണ്ടായിരുന്നുള്ളൂ.

English Summary:

CPM quota for bar owners; Liquor policy decided before election: Cherian Phillip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com