ശുചിമുറി മാലിന്യം ശേഖരിച്ച് വൻ വരുമാനം, സിനിമയിലും മുഖം കാട്ടി; ഗുണ്ടയല്ലെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫെയ്സൽ
Mail This Article
കൊച്ചി∙ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി. സാബുവിന്റെ സസ്പെൻഷനിലേക്കു നയിച്ചത് കുപ്രസിദ്ധ ഗുണ്ടയായ തമ്മനം ഫെയ്സലിന്റെ വീട്ടിൽ നടന്ന വിരുന്നാണെങ്കിലും, താൻ ഗുണ്ടയല്ല എന്നാണ് ഫെയ്സൽ സ്വയം വിശേഷിപ്പിക്കുന്നത്. ഒരു ക്വട്ടേഷനും എടുക്കാറില്ലെന്നും പണിയെടുത്ത് ജീവിക്കുന്നയാളാണ് താനെന്നുമാണ് ഫെയ്സൽ സ്വയം വിശേഷിപ്പിക്കുന്നത്. ഫെയ്സലിനെതിരെ മുപ്പതിലേറെ കേസുകളുണ്ടായിരുന്നെങ്കിലും ഇപ്പോഴുള്ളത് കൊലപാതക ശ്രമം ഉൾപ്പെടെ അഞ്ചോളം കേസുകളാണ്. 2021ല്‍ മറ്റൊരു ഗുണ്ടാ നേതാവ് മരട് അനീഷിന്റെ സംഘാംഗമായ ജോണി ആന്റണിയെ നഗ്നനാക്കി കെട്ടിയിട്ടു മർദിച്ച കേസാണ് ഇതിൽ ഒടുവിലുള്ളത്.
കൊച്ചിയിലെ ഗുണ്ടാ നേതാക്കൾക്കിടിയിൽ അധികം പ്രസിദ്ധമല്ലാത്ത േപരായിരുന്നു തമ്മനം ഫെയ്സലിന്റേത്. എന്നാൽ ഡിവൈഎസ്പിയുടെ സസ്പെൻഷനോടെ ഫെയ്സലിന്റെ പ്രശസ്തിയും വർധിച്ചു. അടുത്തിടെ ‘ടർബോ’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഫെയ്സൽ ഉള്‍പ്പെടെയുള്ള ഗുണ്ടകള്‍ ആലുവയിൽ ഒത്തുകൂടി ആഘോഷം നടത്തി എന്ന റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ താന്‍ കുടുംബത്തിനൊപ്പം സിനിമയ്ക്ക് പോയപ്പോൾ അവിടെ നടന്ന കേക്കുമുറിയില്‍ പങ്കെടുക്കുക മാത്രമേ ചെയ്തുള്ളൂ എന്നാണ് ഫെയ്സലിന്റെ വാദം. എന്തായാലും കൊച്ചിയിലെ ക്രിമിനൽലോകം അടക്കി ഭരിച്ച ഗുണ്ടാനേതാക്കൾ തളർന്നു തുടങ്ങിയപ്പോഴാണ് ഫെയ്സലിന്റെ പേര് കൂടുതലായി ഉയര്‍ന്നു തുടങ്ങിയിരിക്കുന്നത്.
∙ അധികമാരും കൈവയ്ക്കാത്ത ബിസിനസ്, വരുമാനം ലക്ഷങ്ങൾ
ഗുണ്ടാപ്പണി ഇല്ലെങ്കിൽ എന്താണ് ജോലി എന്ന ചോദ്യത്തോട് ഫെയ്സൽ പ്രതികരിക്കാറുള്ളത് തനിക്ക് ബിസിനസ് ആണെന്നാണ്. നേരത്തെ 2 ടിപ്പറുകൾ ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ ഒരെണ്ണമേ ഉള്ളൂ എന്നും പറയും. തനിക്കു മാലിന്യ വണ്ടികൾ ഉണ്ടെന്ന് ഇടയ്ക്കൊക്കെ ഫെയ്സൽ പറയാറുണ്ട്. ഇതു തന്നെയാണ് ഫെയ്സലിന്റെ വരുമാനത്തിൽ പ്രധാനവും.
കൊച്ചി നഗരത്തിലെ അടക്കം ശുചിമുറി മാലിന്യം ശേഖരിക്കുന്ന നിരവധി വണ്ടികളാണ് ഫെയ്സലിനുള്ളത്. ഇതിൽ ഒരു ടാങ്കറിന് മാത്രം ദിവസം 20,000 രൂപയെങ്കിലും ലാഭം കിട്ടുമെന്ന് ഈ മേഖലയെക്കുറിച്ച് അറിവുള്ളർ പറയുന്നു. ഇത്തരത്തിൽ വലിയ വരുമാനം ഫെയ്സൽ നേടുന്നുണ്ട് എന്നും. ഈ ശുചിമുറി മാലിന്യം എവിടെ നിക്ഷേപിക്കും എന്നത് ഫെയ്സലിന്റെ കയ്യൂക്കിന്റെ കൂടി ബലത്തിലാണ് നടക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ഫെയ്സലിന്റെ അനുയായികൾ തന്നെയാണ് ഈ വാഹനങ്ങളൊക്കെ ഓടിക്കുന്നതും മറ്റും.
∙ മുടവത്തിൽ ജോസഫ് മകൻ ഫെയ്സൽ
എം.ജെ.ഫെയ്സൽ എന്നാണ് തമ്മനം ഫെയ്സലിന്റെ മുഴുവൻ പേര്. തമ്മനത്തെ മുടവത്തിൽ കുടുംബത്തിൽ ജോസഫിന്റെ മകനായി ജനനം. ജോര്‍ജ് എന്നും വിളിപ്പേരുണ്ട്. 19ാം വയസ്സിൽ അയൽവാസി കൂടിയായ അഭിഭാഷകനുമായുള്ള തർക്കമമാണ് ഫെയ്സലിനെ ഗുണ്ടാ ലോകത്തേക്ക് എത്തിച്ചത്. തന്റെ പിതാവിനെ തല്ലിയ അയല്‍വാസിയെ ഫെയ്സൽ വെട്ടിയതോടെ 1999ൽ മറ്റൊരു ഗുണ്ട കൂടി ജനനമെടുത്തു. തമ്മനം ഷാജി ആയിരുന്നു അന്ന് കൊച്ചിയിലെ കുപ്രസിദ്ധനായ ഗുണ്ടാ നേതാവ്. തനിക്ക് ഷാജിയെ അറിയില്ലായിരുന്നു എന്നും എന്നാൽ എതിരാളികൾ ഷാജിക്കൊപ്പം ചേർന്ന് തനിക്കെതിരെ തിരിയുകയായിരുന്നു എന്നും ഫെയ്സൽ പറയുന്നു. 4–5 കൊല്ലത്തോളം ഷാജിയുടെയും ഫെയ്സലിന്റെയും കൂട്ടാളികൾ തമ്മിൽ ഏറ്റുമുട്ടി. പിന്നീട് സംസാരിച്ച് ഒത്തുതീർപ്പാക്കിയെന്നു ഫെയ്സൽ പറയുന്നു.
ഇതിനിടെ, ഫെയ്സലിന്റെ മാതാവിന്റെ നാടായ ആലുവയിൽ പിതാവ് പുതിയ വീട് നിര്‍മിച്ചതോടെ താമസം അങ്ങോട്ടു മാറ്റി. അങ്ങനെ തമ്മനത്തുനിന്നു വന്ന ഫെയ്സൽ തമ്മനം ഫെയ്സലായി. ഗുണ്ടാ പരിപാടികൾ ശക്തമായി നടക്കുന്നത് ഈ കാലഘട്ടത്തിലൊക്കെയാണ്. 2006ൽ വിവാഹിതനായതോടെ ഭാര്യയുടെ നാടായ അങ്കമാലിയിലേക്കു താമസം മാറ്റി. അപ്പോഴും കൊച്ചിയിലെ ബിസിനസ്സുകള്‍ ഫെയ്സൽ നിയന്ത്രിച്ചു കൊണ്ടിരുന്നു.
2007ൽ ഗുണ്ടാ ആക്ട് നിലവിൽ വന്നപ്പോൾ ഏറ്റവും ആദ്യം കാപ്പ ചുമത്തപ്പെട്ടത് കൊച്ചി നഗരത്തിൽ തമ്മനം ഷാജിയും എറണാകുളം റൂറലിൽ ഫെയ്സലുമാണ്. എന്നാൽ ജയിലിൽ പോകാതെ താൻ ഗൾഫിലേക്കു കടന്നെന്നും 4 കൊല്ലം അവിടെ ക്രെയിൻ ഓപ്പറേറ്ററായി ജോലി ചെയ്തു എന്നും ഫെയ്സൽ പറയുന്നു. പിന്നീട് തിരിച്ചെത്തിയാണ് ഇപ്പോഴത്തെ ബിസിനസ്സുകളിലേക്കു കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിനിടയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സിലും കൈവച്ചു.
∙ എതിരാളികളെ പട്ടികൾക്കൊപ്പം കൂട്ടിലിട്ട് കടിപ്പിക്കും?
എതിരാളികളെ തന്റെ പട്ടികൾക്കൊപ്പം കൂട്ടിലിട്ട് കടിപ്പിക്കും എന്ന് ഫെയ്സലിനെ കുറിച്ച് ആരോപണങ്ങള്‍ ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം വെറും കഥകൾ മാത്രമാണെന്നാണ് ഫെയ്സലിന്റെ വാദം. അതേസമയം, 2021ൽ ജോണി ആന്റണി എന്ന മരട് അനീഷ് സംഘാംഗത്തെ ക്രൂരമായി മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ഞെട്ടിക്കുന്നതായിരുന്നു. എന്താണ് മരട് അനീഷുമായുള്ള തർക്കത്തിന്റെ കാരണങ്ങൾ എന്നതിനെക്കുറിച്ച് ഫെയ്സൽ കാര്യമായി പ്രതികരിച്ചിട്ടില്ല. ഒരു സുഹൃത്തുമായി ബന്ധപ്പെട്ട തർക്കമാണു കാരണമെന്നു പറഞ്ഞൊഴിയുകയാണ് പതിവ്.
അതേസമയം, ഭായി നസീറും മരട് അനീഷും ശക്തരായി നിൽക്കുന്നതിനിടയിൽ കടന്നുകയറാനുള്ള ഫെയ്സലിന്റെ ശ്രമമാണ് തർക്കത്തിന്റെ കാരണങ്ങളെന്നു പറയുന്നവരുമുണ്ട്. ഈഗോ പ്രശ്നമാണ് ഇരുവർക്കുമിടയിൽ ഉള്ളതെന്ന് പറയുന്നവരുമുണ്ട്. തനിക്ക് കിട്ടുന്ന അവസരങ്ങളിലൊക്കെ ഫെയ്സലിനെ ടാർഗറ്റ് ചെയ്യാൻ മരട് അനീഷും ശ്രമിക്കാറുണ്ട്. കൊച്ചിയിലെ ലഹരി കടത്ത് നടക്കുന്നത് മാലിന്യവണ്ടികളിലാണെന്നും ഇത് പരിശോധിക്കണമെന്നും മരട് അനീഷ് അടുത്തിടെ പറഞ്ഞിരുന്നു.
എന്നാൽ കൊച്ചിയിലെ മിക്ക ഗുണ്ടാ നേതാക്കൾക്കും ലഹരി ഇടപാടുണ്ടെന്നും നേതാക്കൾ നേരിട്ടാണ് ഇത് ചെയ്യുന്നതെന്നും ഫെയ്സൽ തിരിച്ചടിച്ചു. തങ്ങൾക്കു ലഹരി മാഫിയയുമായി യാതൊരു ഇടപാടുമില്ലെന്ന് ഇരുവരും അവകാശപ്പെടുകയും അതേസമയം, എതിരാളികൾക്ക് നേരെ വിരൽ ചൂണ്ടുകയും ചെയ്യും.
∙ പുതിയ സംഘങ്ങൾ, ന്യൂജെൻ ഇടപാടുകൾ
തമ്മനം ഷാജി, ഭായ് നസീർ, മരട് അനീഷ് എന്നിവരായിരുന്നു കൊച്ചിയിലെ ഗുണ്ടാ മേഖലയെ പുതിയ കാലത്ത് നിയന്ത്രിച്ചവർ. ഇതിൽ ഷാജി കുറെക്കാലമായി ക്വട്ടേഷൻ പ്രവർത്തനങ്ങളെല്ലാം അവസാനിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇരു വൃക്കകളും തകരാറിലായ ഭായ് നസീറും താൻ ഇപ്പോൾ കുറ്റകൃത്യങ്ങളുടെ ലോകത്തില്ല എന്ന് അവകാശപ്പെടുന്നു. അടുത്തിടെ ഒരു ഹോംസ്റ്റേയുടെ മറവിൽ വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് ഭായ് നസീറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്. മരട് അനീഷും താൻ ഇപ്പോൾ ബിസിനസ്സ് ചെയ്തു ജീവിക്കുകയാണെന്നും ഗുണ്ടാ പരിപാടികൾ അവസാനിപ്പിച്ചെന്നും അവകാശപ്പെട്ടിരുന്നു. ജയിലിൽ വച്ച് വധശ്രമം നേരിട്ട അനീഷും ഇപ്പോൾ ജാമ്യത്തിലാണ്.
ഇവർ കളമൊഴിയുമ്പോഴും തന്റേതായ വിധത്തിൽ പ്രസക്തനായി നിൽക്കാനുള്ള ശ്രമമാണ് ഫെയ്സൽ നടത്തുന്നത് എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ നടത്തിയ ഗുണ്ടാ പ്രവർത്തനങ്ങൾ ജീവിതം തകർക്കുമെന്ന് മറ്റ് ഗുണ്ടാ നേതാക്കളെപ്പോലെ ഫെയ്സലും ഇപ്പോൾ പറയുന്നു. അതിനിടെയാണ്, പെരുമ്പാവൂർ അനസിനെപ്പോലുള്ള പുതിയകാല ഗുണ്ടകളുടെ വരവും വളർച്ചയും.