ADVERTISEMENT

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ സുരക്ഷയുടെയും വോട്ടണ്ണല്‍ പ്രക്രിയക്കുള്ള ഒരുക്കങ്ങളുടെയും അവലോകനം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. 

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളും വോട്ടെണ്ണല്‍ ഒരുക്കങ്ങളും വിലയിരുത്തി. തിരഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച 21 പോയിന്റുകളുടെ അടിസ്ഥാനത്തിലുള്ള അവലോകനമാണ് പൂര്‍ത്തിയാക്കിയത്. 

20 ലോക്‌സഭ മണ്ഡലങ്ങളിലെയും സ്‌ട്രോങ് റൂമുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള ത്രിതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്‌ട്രോങ് റൂമുകളുടെ 100 മീറ്റര്‍ അകലെ നിന്ന് ആരംഭിക്കുന്ന ആദ്യ സുരക്ഷാവലയത്തില്‍ സംസ്ഥാന പൊലീസിന്റെ കാവലാണുള്ളത്. തുടര്‍ന്നുള്ള രണ്ടാം വലയത്തില്‍ സംസ്ഥാന ആംഡ് പൊലീസും മൂന്നാം വലയത്തില്‍  സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സുമാണ് സുരക്ഷ ചുമതലയിലുള്ളത്. കൂടാതെ സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

വോട്ടെണ്ണലിനുള്ള മേശകള്‍, കൗണ്ടിങ് ഏജന്റ് മാര്‍ക്ക് ഇരിക്കാനുള്ള ഏരിയ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വോട്ടണ്ണല്‍ തീയതി, സമയം, സ്ഥലം എന്നിവ സ്ഥാനാര്‍ഥികളെയും അവരുടെ ഏജന്റുമാരെയും ഫോം എം 22 പ്രകാരം അറിയിച്ചിട്ടുണ്ട്. കൗണ്ടിങ് ഏജന്റുമാരുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഫോം 18 ല്‍ അറിയിക്കാനും സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. 

കാലതാമസം കൂടാതെ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തീകരിക്കാനും ഫലം പ്രഖ്യാപിക്കാനും ആവശ്യമായത്ര വോട്ടെണ്ണല്‍ ഹാളുകളും മേശകളും എല്ലാ കേന്ദ്രങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. സര്‍വീസ് വോട്ടര്‍മാരുടെ ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് ആവശ്യമായ ക്യു ആര്‍ കോഡ് സ്‌കാനറുകളും കംപ്യൂട്ടർ സംവിധാനങ്ങളും ലഭ്യമാക്കുകയും പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. തപാല്‍വോട്ട് അടക്കമുള്ളവയുടെ വോട്ടെണ്ണലിന് 707 അഡീഷനല്‍ റിട്ടേണിങ് ഓഫിസര്‍മാരെ നിയമിക്കും. വോട്ടെണ്ണല്‍ ജീവനക്കാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം മേയ് 22 നും 23 നും രണ്ടാംഘട്ട പരിശീലനം മേയ് 28 നും പൂര്‍ത്തിയായി. അവസാനഘട്ട പരിശീലനം ജൂണ്‍ 1ന് നടക്കും. 

English Summary:

Election Update: Preparations for Counting of Votes Are Complete

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com