അലോഷ്യസിനെ മാറ്റാൻ ആലോചന നടന്നു; മദ്യപിച്ച് തമ്മിൽ തല്ലിയത് പാർട്ടിക്ക് നാണക്കേട്: സുധാകരൻ
Mail This Article
തിരുവനന്തപുരം∙ കെഎസ്‍യു തെക്കൻ മേഖലാ നേതൃ പരിശീലന ക്യാംപിൽ വച്ച് നടന്ന കയ്യാങ്കളിക്കു പിന്നാലെ സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെ മാറ്റാൻ ആലോചന നടന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. അഖിലേന്ത്യ തലത്തിൽ നടപടിയുണ്ടാകും. ചെറുപ്പക്കാരായ കുട്ടികൾ മദ്യം ഉപയോഗിച്ച് തമ്മിൽ തല്ലിയെന്ന് പറയുന്നത് പാർട്ടിക്ക് അപമാനമാണെന്നും സുധാകരൻ പറഞ്ഞു.
ക്യാംപിലെ ഡിജെ പാര്‍ട്ടിക്കിടയില്‍ നടന്ന കൂട്ടത്തല്ലില്‍ നാല് നേതാക്കളെ കെഎസ്‍യു സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാരായ അൽ അമീൻ അഷ്റഫ്, ജെറിന്‍, അടിപിടിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയ സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോർജ് എന്നിവർക്കെതിരെയായിരുന്നു നടപടി.
കെഎസ്‍യുവിൽ പുതിയ ജില്ലാ ഭാരവാഹികള്‍ വന്ന ശേഷമുള്ള തര്‍ക്കങ്ങളാണ് തല്ലിലേക്ക് എത്തിച്ചതെന്നാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്.