‘രാജ്യദ്രോഹ കുറ്റത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല’; തരൂരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെ.സുരേന്ദ്രൻ
Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം എംപിയും കോൺഗ്രസിന്റെ ഉന്നത നേതാവുമായ ശശി തരൂരിന്റെ പിഎ സ്വർണക്കടത്തിന് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ തരൂരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
‘‘വിമാനത്താവളത്തിൽ തന്നെ സഹായിക്കാൻ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാർ പ്രസാദ് എന്നാണ് എംപി പറയുന്നത്. വിമാനത്താവളത്തിൽ സ്വർണക്കടത്ത് നടത്തുന്ന ഇയാൾ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. എംപിയുടെ പിഎ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയ രാജ്യദ്രോഹ കുറ്റത്തിൽനിന്നും തരൂരിന് ഒഴിഞ്ഞുമാറാനാവില്ല.
‘‘കേരളത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിൽ ജയിലിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിലുമാണ്. ഇപ്പോൾ ഇതാ കോൺഗ്രസ് എംപിയുടെ പിഎയും സ്വർണക്കടത്ത് നടത്തിയിരിക്കുന്നു. അഴിമതിയുടെയും വർഗീയതയുടെയും കാര്യത്തിലെന്ന പോലെ സ്വർണക്കടത്തിലും ഇന്ത്യാ മുന്നണി ഐക്യപ്പെട്ടിരിക്കുകയാണ്.
‘‘മോദിയെ താഴെയിറക്കണമെന്ന് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികൾ ആഗ്രഹിക്കുന്നത് സ്വർണക്കടത്ത് പോലെയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാനാണെന്ന് വ്യക്തമായിരിക്കുകയാണ്’’ – സുരേന്ദ്രൻ പറഞ്ഞു.