കൊടുംചൂടിൽ ഉരുകി ഉത്തരേന്ത്യ: അമ്പതിലധികം മരണം, വലഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
Mail This Article
പട്ന/ മിർസാപുർ ∙ ഉത്തരേന്ത്യയിലെ കൊടുംചൂടിൽ വലഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. വെള്ളിയാഴ്ച മാത്രം ഉത്തർപ്രദേശിലും ബിഹാറിലുമായി 16 പേരാണ് മരിച്ചത്. ഉത്തർപ്രദേശിലെ മിർസാപുരിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കെത്തിയ 6 സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ചൂടിനെത്തുടർന്ന് മരിച്ചു. ശനിയാഴ്ചയാണ് മിർസാപുരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറിൽ സൂര്യാഘാതമേറ്റു മരിച്ച 18 പേരിൽ 10 പേർ തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരാണ്.
‘‘ 23 സൈനികരെയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിൽ 6 പേർ മരിച്ചു. 2 പേരുടെ നില ഗുരുതരമാണ്. മരിച്ചവർക്ക് ഉയർന്ന പനിയുണ്ടായിരുന്നു. ഇവരുടെ രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും വളരെ ഉയർന്ന തോതിലായിരുന്നു. കുഴഞ്ഞുവീണെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥരെ ഇവിടെ എത്തിച്ചത്.’– സുരക്ഷാ ഉദ്യോഗസ്ഥരെ ചികിത്സിച്ച മിർസാപുർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ബിഹാറിലെ റോഹ്താസിൽ 11, ഭോജ്പുരിൽ 6, ബക്സറിൽ 1 എന്നിങ്ങനെയാണ് സൂര്യാഘാതമേറ്റുള്ള മരണം. ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന സസാറാം, ആറ, കാരാക്കട്ട് മണ്ഡലങ്ങളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് മരിച്ചത്. ബക്സറിൽ 47.1 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില.
ഷേക്ക്സരായി, ബേഗുസരായി, മുസഫർപുർ, ഈസ്റ്റ് ചമ്പാരൻ എന്നിവിടങ്ങളിൽ കൊടും ചൂടേറ്റ് നിരവധി അധ്യാപകർ കുഴഞ്ഞു വീണു. സ്കൂൾ വിദ്യാർഥികൾക്ക് വേനലവധിയാണെങ്കിലും അധ്യാപകർക്ക് അവധി നൽകിയിരുന്നില്ല. അധ്യാപകർക്കും അവധി നൽകണമെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ വിവിധയിടങ്ങളിലായി അമ്പതിൽ അധികം പേർ മരിച്ചെന്നാണ് കണക്ക്.