ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തില്‍ അത്ഭുത താമര വിരിയുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ ആവേശത്തിലാണ് ബിജെപി ക്യാംപ്. തൃശൂരും തിരുവനന്തപുരവും നേടി തങ്ങളുടെ ചിരകാല സ്വപ്നം പൂവണിയിക്കാം എന്നാണ് പ്രതീക്ഷ. ചില എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമായാൽ ആറ്റിങ്ങലും കൂടെ പോരുമെന്നാണ് പ്രതീക്ഷ. ജയിക്കുന്നത് ആരായാലും കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പെന്നും ബിജെപി നേതാക്കൾ പറയുന്നു. താമര വിരിയുമെന്ന പ്രവചനത്തിനൊപ്പം ബിജെപിയുടെ വോട്ടു വിഹിതം 27 ശതമാനമായി ഉയരുമെന്നും പ്രവചനമുണ്ട്. മോദി തരംഗം കേരളത്തിലും വീശിയെന്ന് വിശ്വസിക്കുകയാണ് ബിജെപി നേതാക്കള്‍. രണ്ടക്ക സീറ്റ് എന്നു പറഞ്ഞെങ്കിലും മൂന്ന് ആയിരുന്നു പോളിങ്ങിനു ശേഷമുള്ള പാർട്ടി കണക്ക്. അതു ശരിവക്കുന്നതാണ് ഫലങ്ങളെന്നും കേരളത്തിലെ ബിജെപി നേതൃത്വം വ്യക്തമാക്കി. 

എക്സിറ്റ് പോളുകാർക്ക് ഭ്രാന്താണെന്ന് പറഞ്ഞു ചിരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ പ്രവചനങ്ങളെ അപ്പാടെ തള്ളിക്കളയുകയാണ്. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് എൽഡിഎഫ്–യുഡിഎഫ് മുന്നണികളുടെ അവകാശവാദം. എല്‍ഡിഎഫിനോടുള്ള വോട്ട് ശതമാനത്തില്‍ രണ്ടു ശതമാനം മാത്രമാണ് ബിജെപിക്ക് കുറവെന്നാണ് പ്രവചനം. 15 ശതമാനത്തില്‍ നിന്ന് 27ശതമാനത്തിലേക്കുള്ള ബിജെപിയുടെ കുതിച്ചു ചാട്ടം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. ബിജെപിക്ക് സാധ്യത പറഞ്ഞ സീറ്റിൽ എല്ലാം തങ്ങൾ ജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

എല്‍ഡിഎഫിന് കേരളത്തില്‍ വൻ തകർച്ചയുണ്ടാകുമെന്ന പ്രവചനത്തിനിടെ ബിജെപി നേട്ടമുണ്ടാക്കുമെന്നുള്ള പ്രവചനം ഇടതുപക്ഷത്തിന് ഇരട്ടി പ്രഹരരമായി. ബിജെപി ജയിക്കുന്ന മണ്ഡലങ്ങളിൽ ആർക്കാണോ വോട്ട് കുറയുന്നത് അവർ ബിജെപിയെ ജയിപ്പിച്ചുവെന്ന പാപഭാരം ചുമക്കേണ്ടി വരും. കരുവന്നൂർ വിഷയം അടക്കം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ബിജെപിയും എൽഡിഎഫും തമ്മിൽ അന്തർധാരയുണ്ടെന്ന് യുഡിഎഫ് നേതൃത്വം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

English Summary:

BJP camp overwhelmed by exit polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com