വീണ്ടും എൻഡിഎ എന്ന് ഏജൻസികൾ; സുഗമമായി ഭരണം നിലനിർത്തും, 400 സീറ്റ് കടന്നേക്കാമെന്ന് ചിലർ
Mail This Article
ന്യൂഡൽഹി ∙ തുടർച്ചയായ മൂന്നാം തവണയും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വരുമെന്നു പ്രവചിച്ച് എല്ലാ എക്സിറ്റ് പോളുകളും. എൻഡിഎയ്ക്ക് 350നു മുകളിൽ സീറ്റുകൾ ലഭിക്കുമെന്നാണു മിക്കവാറും ഏജൻസികളുടെ സർവേയിൽ പറയുന്നത്. ഇന്ത്യാസഖ്യത്തിന് 120–150 സീറ്റുകൾ ലഭിച്ചേക്കാം.
കേരളം യുഡിഎഫിനൊപ്പമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നുമാണു വിവിധ സർവേകൾ വ്യക്തമാക്കുന്നത്. ഇടതു മുന്നണിക്ക് 4 സീറ്റുവരെ ലഭിച്ചേക്കും. ഇന്ത്യ ടുഡേ– മൈ ആക്സിസ്, ഇന്ത്യ ടിവി–സിഎൻഎക്സ്, ടുഡേസ് ചാണക്യ എന്നിവ എൻഡിഎയ്ക്ക് 400ൽ ഏറെ സീറ്റുകൾ വരെ പ്രവചിക്കുന്നു.
കഴിഞ്ഞ തവണ വൻ നേട്ടമുണ്ടാക്കിയ മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ, യുപി, ഹരിയാന എന്നിവിടങ്ങളിൽ ബിജെപിക്ക് സീറ്റുകൾ കുറഞ്ഞേയ്ക്കാമെന്നു ചില എക്സിറ്റ് പോളുകളിൽ കാണുന്നു. ദക്ഷിണേന്ത്യയിൽ തമിഴ്നാട്ടിലും കേരളത്തിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നു പറയുന്ന സർവേകൾ കർണാടകയിൽ ബിജെപി മുന്നേറ്റവും പ്രവചിക്കുന്നുണ്ട്. കേരളത്തിൽ തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവ ബിജെപിക്കു കിട്ടുമെന്നാണ് ഇന്ത്യ ടുഡേ– മൈ ആക്സിസ് സർവേ പറയുന്നത്.
ആന്ധ്രയിൽ ടിഡിപി–ബിജെപി സഖ്യത്തിനു മുന്നേറ്റമുണ്ടാകും. തെലങ്കാനയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാവുമ്പോൾ ബിആർഎസ് പിന്നാക്കം പോവും. ഒഡീഷയിൽ ബിജെഡിയെ പിന്നിലാക്കി ബിജെപി നേട്ടം കൊയ്യുമെന്നാണു പ്രവചനം. 3 സർവേകളിൽ ബിജെപി ബംഗാളിൽ വലിയ ഒറ്റക്കക്ഷിയാകുമെന്നും സിപിഎം–കോൺഗ്രസ് സഖ്യത്തിന് സീറ്റുകളുണ്ടാവില്ലെന്നും പറയുന്നു.
ഇന്ത്യാ സഖ്യത്തിന്റെ പ്രവചനം: 295+
ന്യൂഡൽഹി ∙ ചുരുങ്ങിയത് 295 സീറ്റ് നേടുമെന്ന് ഇന്ത്യാസഖ്യത്തിന്റെ വിലയിരുത്തൽ. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്ന സഖ്യനേതാക്കൾ ഉറച്ച വിജയപ്രതീക്ഷ പ്രകടിപ്പിച്ചു. നേതാക്കൾ അവരവരുടെ കക്ഷികൾക്കു ലഭിച്ചേക്കാവുന്ന സീറ്റുകളുടെ എണ്ണം പങ്കുവച്ചു. ഉറപ്പായും 100 കടക്കുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ.