എക്സിറ്റ് പോൾ: പ്രതീക്ഷിച്ച ഫലമെന്ന് ബിജെപി, ഭരണത്തുടർച്ചയെന്ന് സൂചന
Mail This Article
ന്യൂഡൽഹി ∙ നാനൂറിലധികം എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തുന്നില്ലെങ്കിലും തുടർച്ചയായി മൂന്നാം തവണ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ തന്നെ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിലെ നിഗമനം. പ്രതീക്ഷിച്ചതുപോലെയുള്ള ഫലമെന്നു ബിജെപി കരുതുന്നു. എന്നാൽ, ഇന്ത്യാസഖ്യം സ്വന്തമായി പ്രവചിക്കുന്നത് 295 സീറ്റുമായി തങ്ങൾ ഭരണത്തിൽ വരുമെന്നാണ്.
ഇന്ത്യാസഖ്യത്തിന്റെ അവസരവാദപരമായ സഖ്യം ജനം തള്ളിയെന്ന പ്രതികരണവുമായി എക്സിറ്റ് പോൾ ഫലങ്ങൾക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തുവന്നു. പ്രതിപക്ഷസഖ്യം ജാതീയവും വർഗീയവും അഴിമതിക്കാരുടേതുമാണെന്നും തനിക്കെതിരായ അധിക്ഷേപമായിരുന്നു അവരുടെ പ്രധാന പ്രചാരണമെന്നും മോദി പറഞ്ഞു.
എക്സിറ്റ് പോൾ ഫലം പറയുന്ന ടിവി ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ആദ്യം തീരുമാനിച്ചത്. എന്നാൽ, ഇന്ത്യാസഖ്യത്തിന്റെ യോഗത്തിനുശേഷം നിലപാടു മാറ്റി. ബിജെപിയെയും അതിന്റെ രീതികളെയും തുറന്നുകാട്ടണമെങ്കിൽ ചർച്ചകളിൽ പങ്കെടുക്കുകയാണു വേണ്ടതെന്ന് സഖ്യത്തിൽ എല്ലാവരും നിലപാടെടുത്തുവെന്നു കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ ഏതാണ്ട് പൂർണമായും ബിജെപിക്കൊപ്പമെന്ന 2019 ലെ രീതി തുടരുന്നുവെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. കർണാടക, രാജസ്ഥാൻ, ഹരിയാന, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നഷ്ടമുണ്ടായാലും ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റ് നേടി അതു നികത്തുന്നുവെന്നാണ് വിവിധ സർവേകളിലെ സൂചന.
കേരളത്തിൽ 3 സീറ്റ് വരെ ബിജെപിക്കു പ്രവചിക്കുന്നവരുണ്ടെന്നതും ശ്രദ്ധേയം. സ്വന്തം സർവേയിൽ വിശ്വസിക്കുന്ന ഇന്ത്യാസഖ്യം, വോട്ടെണ്ണൽ സമയത്ത് ക്രമക്കേടുകളുണ്ടാകുമെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യാസഖ്യത്തെ പിളർത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉന്നയിച്ചിട്ടുണ്ട്.
∙ ‘ശക്തവും വികസിതവുമായ ഇന്ത്യയ്ക്കായി ജനങ്ങൾ വോട്ട് ചെയ്തു. ബിജെപി 370 സീറ്റും എൻഡിഎ 400 സീറ്റും നേടും.’ – ജെ.പി.നഡ്ഡ, ബിജെപി അധ്യക്ഷൻ
∙ ‘ജൂൺ നാലിനു സ്വന്തം ‘എക്സിറ്റ്’ ഉറപ്പായ ആൾ വളച്ചൊടിച്ച എക്സിറ്റ് പോൾ ഫലങ്ങളാണിവ. ഇന്ത്യാസഖ്യം വ്യക്തമായ ഭൂരിപക്ഷം നേടും’ – ജയ്റാം രമേശ്, എഐസിസി ജനറൽ സെക്രട്ടറി