‘ധ്യാനം മറക്കാനാവാത്ത അനുഭവം’: സ്മാരകത്തിലെ സന്ദർശക ഡയറിയിൽ കുറിച്ച് നരേന്ദ്ര മോദി
Mail This Article
കന്യാകുമാരി ∙ വിവേകാനന്ദ സ്മാരകത്തിലെ ധ്യാനം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കിയതിനു പിന്നാലെ സ്മാരകത്തിലെ സന്ദർശക ഡയറിയിലാണ് പ്രധാനമന്ത്രി ഇതു കുറിച്ചത്. പാർവതിദേവിയും സ്വാമി വിവേകാനന്ദനും ധ്യാനിച്ച ഈ ശിലയിൽ താൻ അദ്‌ഭുതകരമായ പ്രഭാതം അനുഭവിക്കുകയാണെന്നും ഹിന്ദിയിൽ അദ്ദേഹം എഴുതി.
‘‘ ആത്മീയ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ സ്വാമി വിവേകാനന്ദന്റെ ആദർശങ്ങളാണ് എന്റെയും വഴികാട്ടി. വർഷങ്ങൾക്കു മുൻപ് രാജ്യം മുഴുവൻ പര്യടനം നടത്തിയ ശേഷം സ്വാമി വിവേകാനന്ദൻ ഇവിടെയെത്തി തപസ്സു ചെയ്തു. അപ്പോഴാണ് ഇന്ത്യയുടെ പുനഃസ്ഥാപനത്തിനായുള്ള കരുത്ത് അദ്ദേഹത്തിനു ലഭിച്ചത്. സ്വാമി വിവേകാനന്ദൻ സ്വപ്നം കണ്ട ഭാരതം അദ്ദേഹത്തിന്റെ ആദർശങ്ങളിലും മൂല്യങ്ങളിലും അധിഷ്‍ഠിതമായി ജന്മമെടുക്കുകയാണ്.
ഈ പുണ്യസ്ഥലത്ത് ധ്യാനമിരിക്കാൻ എനിക്കും അവസരം ലഭിച്ചത് ഭാഗ്യമാണ്. ഈ ധ്യാനം എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നാണ്. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും എന്റെ ശരീരത്തിലെ ഓരോ കണികയും എന്നും രാഷ്ട്രസേവനത്തിനായി സമർപ്പിക്കുമെന്ന് ഭാരതാംബയുടെ കാൽക്കൽ ഇരുന്നുകൊണ്ട് ഞാൻ ഒരിക്കൽ കൂടി പ്രതിജ്ഞ ചെയ്യുന്നു.’’ കുറിപ്പിന്റെ ചുവടെ ഒപ്പും തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.