ADVERTISEMENT

കോട്ടയം∙ ‘‘ഇടതുപക്ഷത്തിന് ഔപചാരിക ചിഹ്നമുണ്ട്. അരിവാൾ ചുറ്റിക നക്ഷത്രം. അതു സംരക്ഷിക്കപ്പെടണമെങ്കില്‍ നിശ്ചിത ശതമാനം വോട്ട് അല്ലെങ്കിൽ നിശ്ചിത എണ്ണം എംപിമാരുണ്ടാകണം. അതില്ലെങ്കിലോ,‌ സ്വതന്ത്രപാർട്ടിയുടെ പരിഗണനയേ ഉണ്ടാകൂ. നമ്മുടെ അംഗീകാരം നഷ്ടമായാൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഇഷ്ടമുള്ള ചിഹ്നമായിരിക്കും തരുന്നത്. മര്യാദയ്ക്കുള്ള ചിഹ്നമൊക്കെ അവർ അനുവദിച്ചു കഴിഞ്ഞു. നമുക്ക് ഈനാംപേച്ചിയോ തേളോ എലിപ്പെട്ടിയോ നീരാളിയോ ലഭിക്കും...’’ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പറഞ്ഞതാണിത്

എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമായാൽ ബാലൻ ആശങ്കപ്പെട്ടതു തന്നെ നടക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. പുറത്തുവന്ന സർവേകളൊന്നും കേരളത്തിൽ നാലിനു മുകളിൽ സീറ്റുകൾ എൽഡിഎഫിനു നൽകുന്നില്ല. സംസ്ഥാന പദവി നഷ്ടമാകാതിരിക്കാൻ കേരളത്തിൽനിന്ന് ചുരുങ്ങിയത് 8 സീറ്റെങ്കിലും പിടിക്കണം. 12 സീറ്റുകൾ ലഭിക്കുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ പാർട്ടി കമ്മിറ്റികളുടെ കണക്കുകളെ അസ്ഥാനത്താക്കി ഒരു സീറ്റും എൽഡിഎഫിനു ലഭിക്കില്ലെന്നുവരെ ചില സർവേകൾ പറഞ്ഞുവയ്ക്കുന്നു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുകയും ദേശീയ പദവി നഷ്ടപ്പെടുകയും ചെയ്താൽ അത് സിപിഎമ്മിനും ഇടതുമുന്നണിക്കും നൽകുന്ന ഷോക്ക് ചെറുതായിരിക്കില്ല. 

എ.കെ.ബാലൻ Photo-Russell Shahul
AK BALAN . Photo by Russell Shahul

ചിഹ്നം പിടിക്കാൻ കച്ചകെട്ടിയിറങ്ങി

മന്ത്രി കെ.രാധാകൃഷ്ണനെയും ജനപ്രിയ എംഎല്‍എ കെ.കെ.ശൈലജയെയുമടക്കം കളത്തിലിറക്കിയത് പരമാവധി സീറ്റ് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പിബി അംഗം, മന്ത്രി, 3 എംഎൽമാർ, 3 ജില്ലാ സെക്രട്ടറിമാർ എന്നിവരെയാണു മത്സരത്തിനിറക്കിയത്. രാജ്യത്തെ എണ്ണം പറഞ്ഞ 6 ദേശീയ പാർട്ടികളിൽ ഒന്നായി നിലനില്‍ക്കാന്‍ പയറ്റാവുന്ന തന്ത്രങ്ങളെല്ലാം സിപിഎം പുറത്തിറക്കി. കേരളത്തിൽ ഇത്തവണ 15 സീറ്റിലാണ് സിപിഎം മത്സരിച്ചത്. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും പൊന്നാനിയില്‍ കെ.എസ്.ഹംസയും ഉൾപ്പെടെ എല്ലാവരും മത്സരിച്ചത് പാര്‍ട്ടി ചിഹ്നത്തിൽ.

സ്വന്തം ചിഹ്നത്തില്‍ പരമാവധി വോട്ട് സമാഹരിച്ച് കൂടുതൽ പേരെ ലോക്‌സഭയിലേക്കു ജയിപ്പിക്കാനായിരുന്നു ഈ നീക്കം. 2004ൽ 43 എംപിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോഴുള്ളത് 3 എംപിമാരാണ്. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണമുണ്ടായിരുന്ന പാർട്ടിക്ക് നിലവിൽ ഭരണം കേരളത്തിൽ മാത്രം. ആറ്റിങ്ങൽ, പത്തനംതിട്ട, ചാലക്കുടി, ആലത്തൂർ, പാലക്കാട്, വടകര, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് സിപിഎമ്മിനു കൂടുതൽ പ്രതീക്ഷ. 

New Delhi 2023 August 05 : K Radhakrishnan , Minister for Welfare of Scheduled Castes, Scheduled Tribes and Backward Classes, Devaswoms, Parliamentary Affairs, Government of Kerala. Cpm Leader  @ Rahul R Pattom
New Delhi 2023 August 05 : K Radhakrishnan , Minister for Welfare of Scheduled Castes, Scheduled Tribes and Backward Classes, Devaswoms, Parliamentary Affairs, Government of Kerala. Cpm Leader @ Rahul R Pattom

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിച്ചത് 71 സീറ്റിലാണ്. ജയിച്ചത് 3 സീറ്റിൽ. കേരളത്തിൽ ഒരു സീറ്റും തമിഴ്നാട്ടിൽ രണ്ടു സീറ്റും. ബംഗാളിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും ലഭിച്ചില്ല. 2004ന് മുൻപ് ശരാശരി 30 സീറ്റ് നിലനിർത്താൻ കഴിഞ്ഞ പാർട്ടിയാണു മൂന്നിലേക്ക് ഒതുങ്ങിയത്. 1952ൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പാർലമെന്റിലുണ്ടായിരുന്നത് 16 സീറ്റ്. 1998ൽ സിപിഎമ്മിന് 32 എംപിമാരുണ്ടായിരുന്നു. 2004ൽ 43 സീറ്റ് ലഭിച്ചതോടെ ഒന്നാം യുപിഎ സർക്കാരിൽ നിര്‍ണായക ശക്തിയായി. 2009ൽ സിപിഎമ്മിന് ലഭിച്ചത് 16 സീറ്റ്. 2014ൽ 9 സീറ്റായും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3 സീറ്റായും ചുരുങ്ങി.

ദേശീയ പാർട്ടിയാകാൻ വേണ്ടത്

1. കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ ആറുശതമാനം വോട്ടും 4 എംപിമാരും വേണം. 

2. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടാകണം. 

(നിലവിൽ കേരളം, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ഈ രണ്ട് ചട്ടങ്ങളും പാർട്ടിക്കു വെല്ലുവിളിയാണ്. ആയതിനാൽ മൂന്നാമത്തെ മാനദണ്ഡം ഉപയോഗിച്ചു ദേശീയ പാർട്ടി പദവി നിലനിർത്താനാണ് സിപിഎം ശ്രമിച്ചത്)

3, മൂന്നു സംസ്ഥാനങ്ങളില്‍നിന്നായി ലോക്‌സഭയില്‍ രണ്ടു ശതമാനം സീറ്റ്. ഇപ്പോഴത്തെ കണക്ക് പ്രകാരം 11 സീറ്റ് ലഭിക്കണം.

(മൂന്നു സംസ്ഥാനങ്ങളിൽ നിന്നായി 11 എംപിമാരെ കിട്ടാൻ കേരളത്തിൽനിന്ന് സിപിഎമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും വേണം. തമിഴ്നാട്ടിൽ ഇത്തവണയും ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ രണ്ടുസീറ്റിലാണ് സിപിഎം മത്സരിക്കുന്നത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com