മോദി വന്നിട്ടും ആഞ്ഞുപിടിച്ചിട്ടും അക്കൗണ്ട് തുറക്കാതെ ബിജെപി?; വോട്ടുവിഹിതം കൂടും
Mail This Article
കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ ഉറപ്പായും അക്കൗണ്ട് തുറക്കുമെന്ന എൻഡിഎ കണക്കുകൂട്ടലുകൾ തെറ്റിയെന്നു മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം. വിജയിക്കുമെന്ന് കരുതിയിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി രണ്ടാം സ്ഥാനത്തു വരാം. അതേസമയം, സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വത്തിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നടത്തിയ പ്രചാരണത്താലും ശ്രദ്ധേയമായ തൃശൂരിൽ ദേശീയ ജനാധിപത്യ മുന്നണി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും.
മനോരമ ന്യൂസ് എക്സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിന് 16–18 സീറ്റും എൽഡിഎഫിന് 2–4 സീറ്റുമാണു പ്രവചിക്കുന്നത്. സംസ്ഥാന തലത്തിൽ എൻഡിഎ 18.64% വോട്ടുവിഹിതം നേടും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 3.07% കൂടുതലാണിത്. മലപ്പുറത്തു മാത്രമാണു മുന്നണിക്കു വോട്ടുവിഹിതം കുറഞ്ഞത്, 1.1 ശതമാനം. ഇടുക്കി (12.65%), വടകര (10.18%), ആലത്തൂർ (8.68%) എന്നീ മണ്ഡലങ്ങളിലും കാര്യമായി വോട്ടു കൂടി.
സിറ്റിങ് എംപി കോൺഗ്രസിന്റെ ശശി തരൂരിനെ നേരിടാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ബിജെപി കളത്തിൽ ഇറക്കിയതോടെയാണു തിരുവനന്തപുരം ശ്രദ്ധേയമായത്. 3.99 ശതമാനം വോട്ടുവിഹിതം വർധിപ്പിച്ച ബിജെപി ഇവിടെ 35.25 ശതമാനം വോട്ടുനേടിയാണു രണ്ടാമതെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ കെ.ആന്റണിയെ സ്ഥാനാർഥിയാക്കിയ പത്തനംതിട്ടയിലും ബിജെപി രണ്ടാമതാണു. 3.23 ശതമാനം വോട്ട് കൂടുതൽ നേടിയ എൻഡിഎ 32.17 ശതമാനം വോട്ടുവിഹിതം സ്വന്തമാക്കിയാണു രണ്ടാം സ്ഥാനത്ത് എത്തിയതെന്നും എക്സിറ്റ് പോൾ പറയുന്നു.