വടകരയിൽ പ്രത്യേക സേനാവിന്യാസം; വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ, അതീവ ജാഗ്രത
Mail This Article
കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വടകരയിൽ പ്രത്യേക സേനാവിന്യാസം നടത്തുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്. വടകരയിലെ ആഹ്ലാദ പരിപാടികൾ നേരത്തേ അറിയിക്കണം. അതീവ പ്രശ്നബാധിത മേഖലകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്നും കലക്ടർ അറിയിച്ചു.
വോട്ടെണ്ണൽ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം എജ്യുക്കേഷൻ കോംപ്ലക്സിനു സമീപം ഇന്ന് വൈകിട്ട് മുതൽ നാളെ വൈകിട്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിൽ അതീവ ജാഗ്രതയിലാണ് പൊലീസ്. നാദാപുരത്തും കല്ലാച്ചിയിലും റൂട്ട് മാർച്ച് നടത്തി.
പ്രകടനങ്ങൾ വൈകിട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്ന് നേരത്തേ സർവകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു. അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിനായി നാദാപുരത്ത് 50 പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാരെ ഇവിടെ നിയോഗിച്ചു.