ആന്ധ്രയിൽ ജഗൻ യുഗത്തിന് അന്ത്യം; ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലേക്ക്
Mail This Article
ഹൈദരാബാദ്∙ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശിൽ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങി അധികാരത്തിനു പുറത്ത്. ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിലെത്തി. ആകെയുള്ള 175 സീറ്റുകളിൽ 163 സീറ്റുകളും എൻഡിഎ സഖ്യം നേടി. ഇതിൽ 134 സീറ്റുകളിൽ ടിഡിപിയും 21 സീറ്റുകളിൽ പവൻ കല്യാണിന്റെ ജനസേനയും എട്ടിടത്ത് ബിജെപിയും വിജയിച്ചു. വൈഎസ്ആർസിപി 12 സീറ്റുകളിൽ ഒതുങ്ങി.
2019ൽ 151 സീറ്റുകൾ നേടിയാണ് വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ടിഡിപിക്ക് 23 സീറ്റും ജനസേനയ്ക്ക് ഒരു സീറ്റും മാത്രമാണ് നേടിയത്. ഇത്തവണ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ ശർമിളയെ പാർട്ടിയിലെത്തിച്ച് കോൺഗ്രസ് നടത്തിയ പരീക്ഷണം പാളിയെന്ന സൂചനയാണ് ഈ ഘട്ടത്തിൽ ലഭിക്കുന്നത്. നിലവിൽ ഒരു സീറ്റിൽ പോലും കോൺഗ്രസിന് ലീഡില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിലും ആന്ധ്രയിൽ ടിഡിപി വൻ നേട്ടമുണ്ടാക്കി. വിജയിച്ചതും ലീഡ് ചെയ്യുന്നതും ഉൾപ്പെടെ 16 സീറ്റുകൾ ടിഡിപി ഉറപ്പിച്ചു. ഇവർക്കു പുറമേ മുന്നണിയുടെ ഭാഗമായ മൂന്ന് ബിജെപി സ്ഥാനാർഥികളും രണ്ട് ജനസേന സ്ഥാനാർഥികളും വിജയമുറപ്പിച്ചു. വൈഎസ്ആർ കോൺഗ്രസിന്റെ നാലു സ്ഥാനാർഥികൾ ജയിച്ചു.