ADVERTISEMENT

കണ്ണൂർ ∙ ന്യൂനപക്ഷങ്ങൾ ഇത്തവണയും എൽഡിഎഫിനെ വിശ്വാസത്തിലെടുത്തില്ല. സംസ്ഥാന ഭരണത്തിലുള്ള അതൃപ്തി കാരണം പരമ്പരാഗത വോട്ടർമാരിൽ ചിലരെങ്കിലും മാറിചിന്തിച്ചു. കണ്ണൂരിൽ എൽഡിഎഫിന്റെ ദയനീയ തോൽവിക്കുള്ള കാരണങ്ങളിൽ പ്രധാനം ഇതു രണ്ടുമാണ്. മുന്നണി വോട്ടുകൾ സുരക്ഷിതമാണെന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ പിഴച്ചു. എൽഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് അനുകൂലമായി വോട്ടുകൾ വീണു. സ്വന്തം കാൽക്കീഴിലെ മണ്ണ് ഒഴുകിപ്പോകുന്നതു മനസ്സിലാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം

ബിജെപിയെ പ്രതിരോധിക്കാൻ എൽഡിഎഫിനു മാത്രമേ കഴിയൂവെന്ന പ്രചാരണം ന്യൂനപക്ഷങ്ങൾ തള്ളിയതിന്റെ തെളിവായി കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ തകർപ്പൻ ജയം. മതനിരപേക്ഷ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളുമെല്ലാം യുഡിഎഫിനെ തുണച്ചു. സംസ്ഥാന ഭരണത്തിന് എതിരായ ജനകീയ പ്രതികരണം കൂടിയായി ഇടതു കേന്ദ്രങ്ങളിൽ സുധാകരൻ ഉണ്ടാക്കിയ മുന്നേറ്റം. 

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയെന്ന പ്രചാരണവും ജനം തള്ളി. പൗരത്വ നിയമ ഭേദഗതിക്കതിരെയും പലസ്തീൻ വിഷയത്തിലും കൂട്ടായ്മകൾ സംഘടിപ്പിച്ച് ന്യൂനപക്ഷ പിന്തുണ നേടാൻ എൽഡിഎഫ് നടത്തിയ ശ്രമങ്ങളും വോട്ടായില്ല. കോൺഗ്രസ് കാലഹരണപ്പെട്ടുവെന്ന എൽഡിഎഫ് പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായി യുഡിഎഫിന്റെ ജയം. എൽഡിഎഫ് ചട്ടക്കൂടിന് അപ്പുറത്തേക്ക് വോട്ടുകൾ നേടാനുള്ള എം.വി.ജയരാജന്റെ ഇടപെടലുകൾ വിജയം കണ്ടില്ലെന്നു മാത്രമല്ല, മുന്നണി വോട്ടുകൾ ചോരുന്നതു തടയാനുമായില്ല.  

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മുന്നേറ്റമുണ്ടാക്കുന്ന മണ്ഡലങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുന്ന നില ആവർത്തിക്കപ്പെട്ടു. ദേശീയ രാഷ്ട്രീയത്തിൽ  ബിജെപിയെ എതിർക്കാൻ കോൺഗ്രസിനു കരുത്തു ചോർന്നിട്ടില്ലെന്ന വോട്ടർമാരുടെ ആത്മവിശ്വാസം യുഡിഎഫിനു തുണയായി. ഇന്ത്യ മുന്നണിയെ നയിക്കാൻ കോൺഗ്രസ് വേണമെന്നു ചിന്തിച്ചവരുടെ വോട്ടുകളും യുഡിഎഫിനു കിട്ടി.

English Summary:

The Decline in Minority Trust for LDF: Kerala Elections 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com