പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ?; ജാമ്യഹർജി തള്ളി മൂന്നാം ദിവസം വീണ്ടും ഹര്‍ജി, പൾസർ സുനിക്ക് 25,000 പിഴ
Mail This Article
കൊച്ചി∙ ജാമ്യഹർജി തള്ളി മൂന്നാം ദിവസം അതേ ആവശ്യമുന്നയിച്ച് ഹർജി നൽകിയ പൾസർ സുനിക്ക് (എൻ.എസ്.സുനിൽ) 25,000 രൂപ പിഴ. നടിയെ ആക്രമിച്ച് പീഡന ദൃശ്യങ്ങള്‍ പകർത്തിയ കേസിലെ ഒന്നാം പ്രതി പൾസർ സുനി 10 തവണ ഹൈക്കോടതിയേയും രണ്ടു തവണ സുപ്രീംകോടതിയേയും ജാമ്യാപേക്ഷയുമായി സമീപിച്ചെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിൽ പറഞ്ഞു. ഏപ്രിൽ 16ന് പൾസർ സുനി നൽകിയ ജാമ്യഹർജി മേയ് 20ന് തളളിയിരുന്നു. ഇതിനു പിന്നാലെ മേയ് 23ന് വീണ്ടും ജാമ്യഹർജി നൽകുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ ജാമ്യം നിഷേധിക്കാൻ കാരണമായ കാര്യങ്ങളിൽ ഈ 3 ദിവസത്തിനുള്ളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. പിഴ ചുമത്തുന്നതു സംബന്ധിച്ച് കോടതി അമിക്കസ് ക്യൂറിയേയും നിയോഗിച്ചിരുന്നു. തുടർന്നാണ് 25,000 രൂപ പിഴ ചുമത്തിയത്.
പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ ലീഗൽ സെൽ അതോറിറ്റിയെ സമീപിക്കാമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. ഓരോ തവണ ജാമ്യാപേക്ഷ നല്‍കാനും ഇതിനു വ്യത്യസ്ത അഭിഭാഷകരെ നിയോഗിക്കാനും പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും, അല്ലെങ്കിൽ സഹായിക്കാനായി പിന്നിൽ മറ്റാരോ ഉണ്ടെന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോൾ വിചാരണ കോടതി മുമ്പാകെയാണ്. ഈ കേസിലെ എട്ടാം പ്രതിയാണ് നടൻ ദിലീപ്.
ഒരു മാസത്തിനുള്ളിൽ പ്രതി ലീഗൽ സർവീസസ് അതോറിറ്റിയിൽ പിഴ തുക അടയ്ക്കണമെന്നു കോടതി നിർദേശിച്ചു. 7 വർഷമായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പൾസർ സുനിയുടെ ആവശ്യം. എന്നാൽ പ്രതി കസ്റ്റഡിയിൽ വിചാരണ നേരിടണമെന്നു നേരത്തെ നിർദേശിച്ചിരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. സാഹചര്യങ്ങളിൽ മാറ്റമുണ്ടെങ്കിൽ മാത്രമാണ് ജാമ്യാപേക്ഷ തള്ളിയാൽ വീണ്ടും ജാമ്യ ഹർജി നൽകാനാവൂ. രണ്ട് തവണയും സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയ തീരുമാനം ശരിവയ്ക്കുകയായിരുന്നു എന്നും കോടതി പറഞ്ഞു.