സുരേഷ് ഗോപിയുടെ ‘തൃശൂർ മോഡൽ’ പരീക്ഷിക്കാൻ അനിൽ ആന്റണി; പത്തനംതിട്ട തട്ടകമാക്കും
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ അനിൽ ആന്റണിയുടെ തീരുമാനം. പത്തനംതിട്ടയിൽ ഓഫിസ് തുറക്കാനും ആലോചനയുണ്ട്. ‘പത്തനംതിട്ടയിൽ ഓഫിസ് തുറക്കുന്നത് ആലോചിക്കുന്നുണ്ട്, പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരും’– അനിൽ ആന്റണി ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഡൽഹിയിലാണ് അനിൽ ആന്റണി. പാർട്ടി ദേശീയ സെക്രട്ടറിയായ അനിൽ ചില യോഗങ്ങളിൽ പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയത്.
പത്തനംതിട്ടയിൽ അനിൽ ആന്റണി തരക്കേടില്ലാത്ത പ്രകടനം നടത്തിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിനാലാണ് പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തനം തുടരാൻ ദേശീയ നേതൃത്വം അനിലിനോട് നിർദേശിച്ചത്. സുരേഷ് ഗോപി പരാജയത്തിനുശേഷം തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാണ് ഇത്തവണ വിജയത്തിലെത്തിയത്.
2.95 ലക്ഷം വോട്ടാണ് 2019ൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പത്തനംതിട്ടയിൽ ലഭിച്ചത്. ശബരിമലയിലെ യുവതീപ്രവേശനമെന്ന അനുകൂല ഘടകവുമുണ്ടായിരുന്നു. ഇത്തവണ അനുകൂല ഘടകങ്ങൾ കുറവായിട്ടും 2,34,406 വോട്ടുകൾ അനിലിനു ലഭിച്ചു. സിപിഎമ്മിലെ ടി.എം.തോമസ് ഐസക്കുമായുള്ള വോട്ട് വ്യത്യാസം 67,098 വോട്ട്.
കുറച്ചു മാസത്തെ പ്രചാരണത്തിലൂടെ ഇത്രയും വോട്ട് ലഭിച്ചെങ്കിൽ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ പ്രകടനം മെച്ചപ്പെടുത്താമെന്നാണ് അനിലിന്റെയും പാർട്ടിയുടെയും പ്രതീക്ഷ.