കേന്ദ്രമന്ത്രിക്കൊപ്പം ഒരു രാജ്യസഭാ സീറ്റും കേരളത്തിന്?; സുരേന്ദ്രനോ തുഷാറിനോ സാധ്യത
Mail This Article
കോട്ടയം ∙ സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രി പദവിക്കു പുറമെ ഒരു രാജ്യസഭാംഗത്വം കൂടി കേരളത്തിനു നൽകാൻ ബിജെപി ദേശീയ നേതൃത്വത്തിൽ ആലോചന. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെയോ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെയോ രാജ്യസഭയിലെത്തിക്കാനാണ് നീക്കമെന്നാണ് സൂചന. രണ്ടു ടേമായി അധ്യക്ഷ പദവിയിൽ തുടരുന്ന സുരേന്ദ്രന് ബിജെപി കേരളത്തിൽ മികച്ച പ്രകടനം നടത്തിയ സാഹചര്യത്തിൽ മാന്യമായ പദവി നൽകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
അതേസമയം, രാജ്യസഭാ ഓഫർ വന്നാൽ സ്വീകരിക്കുമെന്ന് തുഷാർ വ്യക്തമാക്കി. സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദവിയും സുരേന്ദ്രനോ തുഷാറിനോ രാജ്യസഭ അംഗത്വവും നൽകുക വഴി രണ്ട് പ്രബല സമുദായങ്ങളെ ഒപ്പം നിർത്താമെന്നും നേതാക്കൾ കണക്കുക്കൂട്ടുന്നു. കെ.സി.വേണുഗോപാൽ ഒഴിയുന്ന രാജസ്ഥാനിലെ രാജ്യസഭാ സീറ്റിലടക്കം വൈകാതെ ഒഴിവ് വരും.
മൂന്നാം മോദി സർക്കാരിൽ ഘടക കക്ഷികൾക്ക് അപ്രമാദിത്വം ഉറപ്പായിരിക്കെ തുഷാറിന് രാജ്യസഭാംഗത്വം എന്തിനു നൽകണമെന്ന ചോദ്യമുയരുന്നുണ്ട്. തുഷാറിന് പദവി ലഭിച്ചാൽ പി.സി.ജോർജ് ഇടയുകയും ചെയ്യും. വി.മുരളീധരന്റെ പ്രവർത്തന മേഖല ദേശീയ തലത്തിലേക്കു മാറുമെന്നും ശോഭാ സുരേന്ദ്രനും സംഘടനയിൽ പ്രധാന പദവി ലഭിക്കുമെന്നും സൂചനയുണ്ട്. മുരളീധരൻ, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി എന്നിവരോട് അവർ മത്സരിച്ച മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദേശീയ നേതൃത്വം അനൗദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്.