ADVERTISEMENT

തിരുവനന്തപുരം ∙ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നശേഷം നടന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലം കൈവിട്ടു പോകുകയും സ്വന്തം എംഎല്‍മാരുള്ള നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭാവി തീരുമാനങ്ങള്‍ എന്തെന്നു തലപുകഞ്ഞ് കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വം. എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റ് ചര്‍ച്ചകള്‍ സജീവമാകുന്നതോടെ അസ്വാരസ്യം കൂടുതല്‍ രൂക്ഷമാകാനാണു സാധ്യത.

സീറ്റ് വിട്ടു നല്‍കില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം കേരളാ കോണ്‍ഗ്രസിന് (എം) നല്‍കുന്നതില്‍ വിരോധമില്ലെന്നുമുള്ള കടുംപിടിത്തത്തിലാണ് സിപിഐ. അതേസമയം, രാജ്യസഭാ സീറ്റ് പാര്‍ട്ടിക്ക് അവകാശപ്പെട്ടതായതിനാല്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളും പറയുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ രാജ്യസഭാംഗത്വം നിലനിര്‍ത്താന്‍ സിപിഎമ്മിന്റെയും സിപിഐയുടെയും മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളിലുണ്ട്. 

തിരഞ്ഞെടുപ്പില്‍, പാര്‍ട്ടിക്കു സ്വാധീനമുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിനു ലീഡ് ലഭിച്ചത് പ്രവര്‍ത്തകര്‍ നേതൃത്വത്തിനു നല്‍കുന്ന സൂചനയാണെന്നും തിരുത്തി മുന്നോട്ടുപോകുകയാണു വേണ്ടതെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. പരമ്പരാഗതമായി യുഡിഎഫിനു വോട്ട് ചെയ്തിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലര്‍ക്കും മുന്നണി മാറിയിട്ടും മനസ്സ് മാറിയിട്ടില്ലെന്നാണു തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലായില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ പാര്‍ട്ടി എംപിയായിരുന്ന തോമസ് ചാഴികാടനെ അപമാനിച്ചതിന്റെ വേദന മാറിയിട്ടില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. 

രണ്ടില ചിഹ്നത്തില്‍ തോമസ് ചാഴികാടന്‍ മത്സരിച്ച കോട്ടയത്ത്, പാലാ പോലും പാര്‍ട്ടിയെ കൈവിട്ടത് നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. പാലായില്‍ ഫ്രാന്‍സിസ് ജോര്‍ജിന് 12,456 വോട്ടിന്റെ ലീഡാണ് കിട്ടിയത്. എല്‍ഡിഎഫും കേരളാ കോണ്‍ഗ്രസ് എമ്മും കൈകോര്‍ത്തിട്ടും 2019ല്‍ ഭൂരിപക്ഷം നേടിയ എല്ലാ നിയമസഭാ മണ്ഡലത്തിലും ഇത്തവണയും യുഡിഎഫിനു തന്നെ ഭൂരിപക്ഷം ലഭിച്ചു. പാര്‍ട്ടി എംഎല്‍എയുള്ള ചങ്ങനാശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന് 16,450 വോട്ടിന്റെ ലീഡുണ്ട്. 10,868 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കൊടിക്കുന്നില്‍ ജയിച്ചത്.

കേരളാ കോണ്‍ഗ്രസ് എമ്മിനു സ്വാധീനമുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കാണു ലീഡ്. ഇവിടെ രണ്ടിടത്തും കേരളാ കോണ്‍ഗ്രസ് എംഎല്‍എമാരാണുള്ളത്. എല്‍ഡിഎഫിലേക്കു വന്ന കേരളാ കോണ്‍ഗ്രസിന്റെ പ്രകടനം ഇക്കുറി തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് കരുതിയ മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ 'കൈ' വോട്ടർമാര്‍ വിടാതിരുന്നത് എല്‍ഡിഎഫിലും ചര്‍ച്ചയായിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലവും കേരളാ കോണ്‍ഗ്രസ് (എം) സ്വാധീന കേന്ദ്രവുമായ ഇടുക്കിയില്‍ 15,000 വോട്ടിലേറെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. 

അതേസമയം, കോട്ടയത്ത് തോമസ് ചാഴികാടനു വന്‍ പരാജയം നേരിടേണ്ടിവന്നത് സിപിഎം വോട്ടുകള്‍ കിട്ടാതിരുന്നതു കൊണ്ടാണെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നു. സിപിഎം വോട്ടുകളില്‍ ഒരു പങ്ക് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പളളിക്കു പോയെന്നാണു വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ നടക്കുന്ന രാജ്യസഭാ സീറ്റ് ചര്‍ച്ചകള്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഇടയാക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ എത്തിയശേഷം നടന്ന തദ്ദേശ, നിയമസഭാ തിരഞ്ഞടുപ്പുകളില്‍ ഉണ്ടായ നേട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നത് ഇടതുപാളയത്തിലും ചര്‍ച്ചയായി.

എന്നാല്‍ മുന്നണിമാറ്റം ഈ ഘട്ടത്തില്‍ അത്ര എളുപ്പമാകില്ലെന്നാണു സൂചന. സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ ജോസ് കെ.മാണി പുറത്തുവരണമെന്ന് തിരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടി മുഖപത്രം എഴുതിയെങ്കിലും ആ നിലപാടല്ല ഇപ്പോഴുള്ളത്. രാജ്യസഭാ സീറ്റിന്റെ പേരില്‍ സിപിഎമ്മുമായി ഉടക്കിയാലും കേരളാ കോണ്‍ഗ്രസിനെ (എം) കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് യുഡിഎഫിലേക്കു ക്ഷണിക്കില്ലെന്ന നിലപാടാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ വ്യക്തമാക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുകയും സര്‍ക്കാരും എല്‍ഡിഎഫും പ്രതിരോധത്തിലായിരിക്കുകയും ചെയ്തിരിക്കെ, ആവശ്യം ഞങ്ങളുടേതല്ലെന്നാണു കോണ്‍ഗ്രസ് നിലപാട്. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളാ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസിലേക്ക് എത്തുമെന്നും പി.ജെ.ജോസഫിന്റെ മകനും പാര്‍ട്ടി ഉന്നതാധികാര സമിതി അംഗവുമായ അപു ജോണ്‍ ജോസഫ് പറഞ്ഞതും ഗൗരവത്തോടെയാണ് കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ കാണുന്നത്.

English Summary:

Rajya Sabha Seat Controversy: Kerala Congress (M)’s Next Move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com