ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ സിപിഎമ്മിനെ വിമർശിച്ച് സമസ്തയുടെ മുഖപത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം വരെ തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചെന്ന്  സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാത’ത്തിന്റെ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. തുടർഭരണം പ്രാദേശിക നേതാക്കളെപ്പോലും സാധാരണക്കാരിൽനിന്നും അകറ്റി. മുസ്‍ലിം ലീഗിന്റെ വിജയം എടുത്തുപറയേണ്ടതാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെയോ നിയമസഭാ തിരഞ്ഞെടുപ്പിനെയോ സ്വാധീനിക്കുമെന്നതിൽ ഉറപ്പില്ലെങ്കിലും ഇടതു സർക്കാർ ജനങ്ങളിൽനിന്ന് അകന്നതിന്റെ സൂചനയാണിതെന്ന് മുഖപ്രസംഗം ആരോപിക്കുന്നു. ജനമനസ്സുകളിൽനിന്ന് എന്തുകൊണ്ട് സിപിഎം പിഴുതെറിയപ്പെട്ടു എന്നത് വിശകലനം ചെയ്യേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിൽ തുടങ്ങി എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം വരെ നീളുന്ന, എണ്ണിയെണ്ണി പറയാവുന്ന ഒരുപാട് ഘടകങ്ങളുടെ അനന്തരഫലമാണ് 18–ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം എഴുതിയ വിധി. സീറ്റു നില മെച്ചപ്പെടുത്താനാവാത്തതിനപ്പുറം, വോട്ടു നില കുറഞ്ഞതാണ് സിപിഎമ്മിനെ ആശങ്കയിലാക്കുന്നത്. 

പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുമെന്ന പിണറായി വിജയന്റെ പ്രസ്താവനയെ മാറ്റത്തിന്റെ സൂചനയായി കാണാം. 2019 ൽ സമാന തിരഞ്ഞെടുപ്പു വിധിയുണ്ടായപ്പോൾ ‘എന്‍റെ ശൈലി എന്റെ ശൈലിയാണ്, അതിൽ മാറ്റമുണ്ടാകില്ല’ എന്നു പറഞ്ഞ പിണറായി, തിരുത്താനുണ്ടെങ്കിൽ തിരുത്തുമെന്ന് പറയുന്നത്  സ്വാഗതാർഹമാണ്. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. അസഹിഷ്ണുതയുടെയും ധാർഷ്ട്യത്തിന്റെയും വക്താക്കളായി സിപിഎം നേതാക്കൾ നിറഞ്ഞാടി. 

ആരോഗ്യ വകുപ്പ് ഉൾപ്പടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിട്ടും പൊലീസ് രാജിൽ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരയ്ക്കപ്പെടുന്ന അവസ്ഥയുണ്ടായി എന്നിങ്ങനെ നിശിതമായ വിമർശനമാണ്  സുപ്രഭാതം നടത്തുന്നത്.  അതേസമയം, ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ സവിശേഷതയാണെന്നും മുഖപ്രസംഗത്തിൽ എടുത്തു പറയുന്നു.

English Summary:

Samastha mouthpiece criticized the CPM after the results of the Lok Sabha elections were released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com