ശ്രീലങ്കയിൽ കാശെടുത്ത് വീശാൻ അദാനി; വരുന്നത് 100 കോടി ഡോളറിന്റെ കാറ്റാടിപ്പാടം
Mail This Article
ന്യൂഡൽഹി ∙ ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ശ്രീലങ്കയിൽ 2 വമ്പൻ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കും. ഇതിനായി 100 കോടി ഡോളറിന്റെ (ഏകദേശം 8,350 കോടി രൂപ) നിക്ഷേപം കമ്പനി നടത്തും. ശ്രീലങ്കയിലെ ഏറ്റവും ഉയർന്ന നേരിട്ടുള്ള വിദേശ നിക്ഷേപമാകുമിത്. രാജ്യത്തെ ഏറ്റവും വലിയ ഊർജ പദ്ധതിയുമാണ് അദാനി ഒരുക്കുന്നത്.
ലങ്കയിലെ മന്നാർ, പൂനെറിൻ എന്നീ തീരദേശ മേഖലകളിലാണ് കാറ്റാടിപ്പാടങ്ങൾ ഒരുക്കുക. മൊത്തം 484 മെഗാവാട്ടാണു ശേഷി. അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ 20 വർഷത്തെ കരാറിൽ ശ്രീലങ്കൻ സർക്കാർ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു. മികച്ച വിലക്കുറവ് അദാനി വാഗ്ദാനം ചെയ്തതോടെയാണിത്. കോവിഡാനന്തരം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന ലങ്കയ്‌ക്ക് അദാനിയുമായുള്ള കരാർ മികച്ച നേട്ടമാകുമെന്നാണു വിലയിരുത്തൽ.
നിലവിൽ വൈദ്യുതിക്കായി മറ്റ് കമ്പനികൾക്കു കൊടുക്കുന്നതിന്റെ പാതിയോളം നിരക്കാണ് അദാനിയുടെ വാഗ്ദാനം. ലങ്കയിൽ 70 കോടി ഡോളർ (6000 കോടി രൂപ) നിക്ഷേപത്തോടെ അദാനിയുടെ മറ്റൊരു ഉപകമ്പനിയായ അദാനി പോർട്സ് ഒരു രാജ്യാന്തര കണ്ടെയ്നർ ടെർമിനലും സജ്ജമാക്കുന്നുണ്ട്.