ADVERTISEMENT

ന്യൂഡൽഹി∙ മൂന്നാം മോദി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജ്ജിതമാക്കി എൻഡിഎ. സത്യപ്രതിജ്ഞയ്ക്ക് ഏഴു വിദേശരാഷ്ട്ര തലവന്മാരെത്തും. പട്ടിക വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ് ക്ഷണം സ്വീകരിച്ചു. ബംഗ്ല ദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരും എത്തും. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്നാണ് വിവരം. ഇന്നലെ രാത്രി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോഗം ചേർന്നു. 

ടിഡിപിയും ജെഡിയുവും നാലു മന്ത്രിസ്ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടു. സഖ്യകക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരാനാണ് ധാരണ. സത്യപ്രതിജ്ഞയ്ക്ക് ശേഷമേ മന്ത്രിമാരുടെ വകുപ്പുകൾ പുറത്തുവിടുകയുള്ളൂ. 

അതേസമയം, സർക്കാർ രൂപീകരണത്തിൽ കരുതലോടെ നീങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്റെ നീക്കം. റാം മനോഹർ നായിഡുവും ചന്ദ്രശേഖർ പെമ്മസാനിയും മന്ത്രിമാരായേക്കുമെന്ന് വിവരമുണ്ട്. എന്നാൽ മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നത് അടക്കം പരിഗണനയിലുണ്ടെന്നും ടിഡിപി വൃത്തങ്ങൾ പറയുന്നു. മന്ത്രിസഭയിൽ കുറഞ്ഞ പ്രാതിനിധ്യവും മുന്നണിയിൽ കൂടുതൽ പ്രാതിനിധ്യവുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ശിവസേന, ലോക് ജന ശക്തി പാർട്ടി, ആർഎല്‍ഡി, ജെഡിഎസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. എല്‍ജെപിക്കും ശിവസേനക്കും ക്യാബിനറ്റ് പദവി ഉറപ്പാണ്. ബിജെപി മന്ത്രിമാരുടെ കാര്യത്തിൽ പ്രമുഖരുടെ കാര്യത്തിൽ വ്യക്തത വരാൻ കാത്തിരിപ്പ് ഇനിയും നീളും. അമിത് ഷാ, നിർമല സീതാരാമൻ എന്നിവർ സംഘടനാ രംഗത്തേക്ക് മടങ്ങുമോയെന്നു കൂടി ഉറപ്പായ ശേഷമേ മന്ത്രിസഭയിലെ ഇവരുടെ സാന്നിധ്യം സംബന്ധിച്ച് സ്ഥിരീകരണം ഉറപ്പാകൂ. പ്രാദേശിക സന്തുലിതാവസ്ഥ, ജാതി സമവാക്യം, ഘടക കക്ഷികളുടെ മന്ത്രിസഭയിലെ പ്രാതിനിധ്യം എന്നിവ കൂടി പരിഗണിച്ചാകും ബിജെപി മന്ത്രിമാരുടെ കാര്യത്തിൽ ധാരണയാവുക.

English Summary:

NDA Government formation updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com