സർക്കാർ ശ്രമം വിടാതെ ഇന്ത്യാസഖ്യം; നായിഡുവിനും നിതീഷിനും മുന്നറിയിപ്പ്: ‘ശ്രദ്ധിച്ചില്ലെങ്കിൽ പാർട്ടി ഇല്ലാതാകും’
Mail This Article
ന്യൂഡൽഹി ∙ പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചെങ്കിലും സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ പൂർണമായി ഉപേക്ഷിക്കാതെ ഇന്ത്യാസഖ്യം. തൃണമൂൽ, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, ശിവസേന (ഉദ്ധവ്) എന്നിവയാണ് ഇതിന്റെ മുൻനിരയിലുള്ളത്. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റില്ലാത്തതിനാൽ സർക്കാർ രൂപീകരിക്കാൻ തൽക്കാലം നീക്കം നടത്തേണ്ടെന്നാണു കോൺഗ്രസിന്റെ ചിന്ത.
പ്രതിപക്ഷത്തിരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഇന്ത്യാസഖ്യ യോഗം തീരുമാനിച്ചിരുന്നു. സർക്കാരുണ്ടാക്കാൻ അവസരം ലഭിക്കുമ്പോൾ അതിനായി നീക്കം നടത്തുക എന്നതാണ് കോൺഗ്രസ്, ഇടതു കക്ഷികളുടെ നിലപാട്. എന്നാൽ, അവസരം വരുന്നതു വരെ കാത്തിരിക്കുകയല്ല, മറിച്ച് അവസരമുണ്ടാക്കി സർക്കാർ രൂപീകരിക്കുകയാണു വേണ്ടതെന്നാണു തൃണമൂൽ ഉൾപ്പെടെയുള്ളവയുടെ വാദം.
തിരഞ്ഞെടുപ്പു ഫലം വന്ന ദിവസം എസ്പി നേതാവ് അഖിലേഷ് യാദവിനെ ഫോണിൽ വിളിച്ച മമത ബാനർജി, ടിഡിപിയുടെ ചന്ദ്രബാബു നായിഡു, ജെഡിയു നേതാവ് നിതീഷ് കുമാർ എന്നിവരെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടതായാണു വിവരം. ഇരുവരുമായി അഖിലേഷിന്റെ പിതാവ് അന്തരിച്ച മുലായം സിങ് യാദവിനുണ്ടായിരുന്ന ഊഷ്മള ബന്ധം മമത ഓർമിപ്പിച്ചു. അതുപയോഗിച്ച് ഇരുവരിലേക്കും പാലമിടാനായിരുന്നു ആവശ്യം. ആം ആദ്മി, ശിവസേനാ നേതാക്കളുമായും മമത ഇക്കാര്യം ചർച്ച ചെയ്തു.
അതേസമയം, നായിഡുവിനെയും നിതീഷിനെയും നിർബന്ധിച്ച് ഇന്ത്യാസഖ്യത്തിലേക്കെത്തിച്ചാൽ അവർ ചോദിക്കുന്ന പദവികൾ നൽകി സർക്കാരുണ്ടാക്കേണ്ടി വരുമെന്നും അതു തർക്കങ്ങൾക്കു വഴിവയ്ക്കുമെന്നും കോൺഗ്രസ് പറയുന്നു. ബിജെപിക്കു കേവല ഭൂരിപക്ഷമില്ലാത്തതിനാൽ മൂന്നാം മോദി സർക്കാർ ആടിയുലയുമെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ അതു തകരാമെന്നും വിലയിരുത്തുന്ന കോൺഗ്രസ്, അങ്ങനെയൊരു സാഹചര്യം ഉരുത്തിരിയുമ്പോൾ നിതീഷിനെയും നായിഡുവിനെയും ഒപ്പം കൂട്ടാമെന്നു കണക്കുകൂട്ടുന്നു. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞെത്തുന്ന ഇരുവരും വലിയ ആവശ്യങ്ങളുന്നയിക്കാതെ സഖ്യത്തിന്റെ ഭാഗമാകുമെന്നാണു കോൺഗ്രസ് പ്രതീക്ഷ.
‘ശ്രദ്ധിച്ചില്ലെങ്കിൽ പാർട്ടി ഇല്ലാതാകും’: നായിഡുവിനും നിതീഷിനും മുന്നറിയിപ്പ്
മുംബൈ ∙ ലോക്സഭാ സ്പീക്കർ സ്ഥാനം നേടിയെടുക്കണമെന്ന് ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനും ശിവസേനാ നേതാവ് ആദിത്യ താക്കറെയുടെ ഉപദേശം. ഇല്ലെങ്കിൽ ടിഡിപി, ജെഡിയു പാർട്ടികളെ പിളർത്താൻ ബിജെപി ശ്രമിക്കുമെന്നും മുന്നറിയിപ്പു നൽകി. ശിവസേനയെയും എൻസിപിയെയും പിളർത്തിയതു സൂചിപ്പിച്ചാണ് ആദിത്യയുടെ ഉപദേശം. സർക്കാർ രൂപീകരിച്ച ശേഷം വാക്കുകളും വാഗ്ദാനങ്ങളും ലംഘിക്കുന്ന പാർട്ടിയാണു ബിജെപിയെന്നും അവർ മറ്റു പാർട്ടികളെ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും ആദിത്യ പറഞ്ഞു.
രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് എംപിമാർ
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപിമാർ രംഗത്ത്. കാർത്തി ചിദംബരം, മാണിക്കം ടഗോർ തുടങ്ങിയവർ രാഹുൽ നേതൃസ്ഥാനത്തേക്കു വരണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യാസഖ്യത്തെ മുന്നിൽനിന്നു നയിച്ച രാഹുൽ പ്രതിപക്ഷ നേതാവാകുന്നതിൽ മറ്റു കക്ഷികൾക്കും കാര്യമായ എതിർപ്പില്ല.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി വൈകാതെ യോഗം ചേരും. ഇന്നു ചേരുന്ന വിശാല പ്രവർത്തക സമിതി യോഗവും ഇക്കാര്യം പരിഗണിക്കും. 2019 ലെ തിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കോൺഗ്രസ് പ്രസിഡന്റ് പദം രാജിവച്ച രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. 52 സീറ്റിലൊതുങ്ങിയ കോൺഗ്രസിനു പ്രതിപക്ഷ നേതൃപദവിയും അന്നുണ്ടായിരുന്നില്ല.
കഴിഞ്ഞ തവണ ലോക്സഭയിൽ കോൺഗ്രസിനെ നയിച്ച അധീർ രഞ്ജൻ ചൗധരി ഇക്കുറി തോറ്റു. പ്രതിപക്ഷ നേതാവാകില്ലെന്നു രാഹുൽ നിലപാടെടുത്താൽ, അദ്ദേഹത്തിന്റെ വിശ്വസ്തരായ കെ.സി.വേണുഗോപാൽ, ഗൗരവ് ഗൊഗോയ് എന്നിവരെ പരിഗണിച്ചേക്കും.