സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ് കുര്യനും; കേരളത്തിന് ഇനി 2 കേന്ദ്രമന്ത്രിമാർ
Mail This Article
ന്യൂഡൽഹി∙ വിജയമോടിയിൽ മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി ഉൾപ്പെടെ 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. കേരളത്തിന്റെ പ്രതിനിധിയായി സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സഹമന്ത്രിമാരുടെ വിഭാഗത്തിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ. അൻപത്തിരണ്ടാമനായി എത്തിയ സുരേഷ് ഗോപി, ഇംഗ്ലിഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.71–ാമനായാണ് ജോർജ് കുര്യന്റെ സത്യപ്രതിജ്ഞ.
പ്രധാനമന്ത്രിയെ കൂടാതെ 30 കാബിനറ്റ് മന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 5 പേർക്ക് സ്വതന്ത്ര ചുമതലയുണ്ട്. 36 പേർ സഹമന്ത്രിമാർ. ജവാഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഞായറാഴ്ച രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽബിഹാരി വാജ്പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്ക്കെത്തിയത്.
നരേന്ദ്ര മോദിയെ രാഷ്ട്രപതി 7.23ന് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. സത്യവാചകം പൂർത്തിയായപ്പോൾ സദസ്സിൽനിന്ന് കരഘോഷമുയർന്നു. മുതിർന്ന നേതാവ് രാജ്നാഥ് സിങ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി അമിത്ഷായും നാലാമതായി നിതിൻ ഗഡ്കരിയും സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും മന്ത്രിസഭയിൽ ഇടംപിടിച്ചു.
രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷിയായി. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ചലച്ചിത്ര താരങ്ങളായ ഷാറൂഖ് ഖാൻ, രജനീകാന്ത് തുടങ്ങിയവരും പങ്കെടുത്തു.