ADVERTISEMENT

കൊച്ചി∙ വ്യാവസായിക, വിദ്യഭ്യാസ, വൈദ്യശാസ്ത്ര രംഗങ്ങളില്‍ റോബട്ടിക്സിനും എഐയ്ക്കും വലിയ സാധ്യതകളുണ്ടെന്നും ഇന്ത്യൻ റോഡുകളിലൂടെ ഒരു റോബട്ടിക് കാറിൽ യാത്ര ചെയ്യുകയെന്നതാണ് തന്റെ സ്വപ്നമെന്നും ‘ഇന്ത്യയുടെ മിസൈൽ വനിത’ എന്നറിയപ്പെടുന്ന, ഡിആർഡിഒ എയ്റോനോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്. മനോരമ ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്‌സ് വിആർ എക്സ്പോ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ടെസ്സി തോമസ്. ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള ഉഭയകക്ഷിബന്ധം വളരെ ശക്തമാണെന്നും രാജ്യം വലിയ ശക്തിയായി മാറുകയാണെന്നും എക്സ്പോയിൽ അതിഥിയായി പങ്കെടുത്ത  ഇന്ത്യയിലെ ഫിൻലൻഡ് കോൺസൽ ജനറൽ എറിക് അഫ് ഹാൾസ്ട്രോം പറഞ്ഞു.

മനുഷ്യാകാരമുള്ള റോബട്ടുകൾ, നിർമിതബുദ്ധി മെഷീനുകൾ‍, റോബോ വാർ ഉൾപ്പെടെയുള്ള റോബോ ഗെയിമുകൾ, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ, റോബട്ടിക്സ് ക്ലാസുകൾ, റോബട്ടിക് കരിയർ ഗൈഡൻസ് സെഷനുകൾ, റോബട്ടുകളുടെ ചരിത്രം വിവരിക്കുന്ന സോൺ, റോബട്ടുകൾക്കൊപ്പം ഗെയിം കളിക്കാനുള്ള സോൺ എന്നിവയെല്ലാം റോബോവേഴ്‌സ് വിആർ പ്രദർശനത്തിലുണ്ട്. ഈ മാസം 17 വരെ നടക്കുന്ന എക്സ്പോയിൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. ജെയിൻ സർവകലാശാലയുമായി ചേർന്നാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബട്ടിക്സ് ആണ് എക്സ്പോയ്ക്കുള്ള സാങ്കേതിക പിന്തുണ നൽകുന്നത്. 

സാൻബോട്ട് എന്ന റോബട്ടാണ് എക്സ്പോ വേദിയിൽ കാഴ്ചക്കാരെ സ്വീകരിക്കുക. ചോദ്യങ്ങൾക്ക് മറുപടി പറയാനും നൃത്തം ചെയ്യാനുമൊക്കെ ഇതിനാകും. ഫേഷ്യൽ, ഒബ്ജെക്ട് റെക്കഗ്‌നീഷൻ, നൂതന എഐ സാങ്കേതികവിദ്യകൾ, സൂപ്പർ മോഷൻ കൺട്രോൾ സിസ്റ്റം എന്നിവ ഉപയോഗിച്ച് സാൻബോട്ടിന് ഒരു മികച്ച വഴികാട്ടിയാകാനും കഴിയും. വിവിധ ഡ്രോണുകൾ പറത്താനും റോബോവേഴ്സിൽ അവസരമുണ്ട്. 4 റോട്ടറുകളിൽ പറക്കുന്ന ക്വാഡ് കോപ്റ്ററുകൾ, കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന അഗ്രി ഡ്രോൺ, അതിവേഗം തെന്നിപ്പറക്കുന്ന മിനി ഡ്രോൺ, അമ്പരപ്പിക്കുന്ന ഡിജെഐ ഡ്രോൺ, വിഡിയോ ഗെയിമിലെന്നപോലെ പറത്താവുന്ന എഫ്പിവി (ഫസ്റ്റ് പേഴ്‌സൺ വ്യു) ഡ്രോൺ തുടങ്ങിയവ പരിചയപ്പെടാം.

ഓട്ടോഗ്രാഫ് ഒപ്പിട്ടു തരികയും അതിവേഗം കഥകൾ എഴുതുകയും ചെയ്യുന്ന റോബട്ടും എക്സ്പോയിലുണ്ട്. ഒരു മേശപ്പുറത്ത് അനായാസം ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന മോഡലാണ് അവതരിപ്പിക്കുക. കംപ്യൂട്ടറും ടാബും ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാം. എഴുത്തും വരയും മാത്രമല്ല, കൈകളാൽ ചെയ്യാവുന്ന പല ജോലികളും ഈ റോബട് ചെയ്യും. വ്യായാമങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് സജ്ജീകരിച്ചിരിക്കുന്ന റോബട്ടാണ് ആൽഫ. വർക്ക്ഔട്ടുകൾക്ക് പ്രോത്സാഹനം ചെയ്യാനായി പ്രോഗ്രാം ചെയ്‌തിരിക്കുന്ന ഈ റോബട്ടിനെയും എക്സ്പോയിൽ കാണാം.

robo

കോഡിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ രസകരമായി പഠിച്ച് ഒരു ചെറിയ റോബട്ടിനെ നയിക്കാൻ എക്സ്പോയിൽ പങ്കെടുക്കുന്നവർക്ക് അവസരമുണ്ട് റോബോവേഴ്സിലെ വിആർ എക്സ്പീരിയൻസ് സോണിൽ റോളർ കോസ്റ്ററിന്റെ സാഹസികത ആസ്വദിക്കാം. ഒപ്പം മ്യൂസിക്കൽ സെഷനുകളും. 7 വിആർ എക്സ്പീരിയൻസ് ഗെയിമുകളിൽ ടിക്കറ്റെടുത്തും പങ്കെടുക്കാം. നിരവധി റോബട്ടിക് വാർ ഗെയിമുകളും റേസിങ് ഗെയിമുകളും എക്സ്പോയിലുണ്ട്. കൊച്ചി നഗരത്തിലിറങ്ങി അമ്പരപ്പിച്ചതുപോലുള്ള കുട്ടി റോബട്ടുകളും റോബോ നായ്ക്കളും എക്സ്പോ വേദിയിലുണ്ടാകും. 

നിരവധി അറിവുകളും നേടാനാവുന്ന സ്റ്റാളുകളുണ്ടായിരിക്കും. 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ പ്രായോഗികമായി എങ്ങനെ ചെയ്യാനാകുമെന്ന് ഇവിടെ തത്സമയം മനസ്സിലാക്കാം. വൈവിധ്യമാർന്ന ശാസ്ത്ര പരീക്ഷണളുമുണ്ട്. രാസപ്രവർത്തനങ്ങളും ഇന്ററാക്ടീവ് ഫിസിക്സ്, ബയോളജി പ്രദർശനങ്ങളും അരങ്ങേറും. ബാലരമയിലൂടെയും കളിക്കുടുക്കയിലൂടെയും ചിരപരിചിതരായ വിക്രമനെയും മുത്തുവിനെയും ലുട്ടാപ്പിയെയുമൊക്കെ കഥാപാത്രങ്ങളാക്കി എഐ സഹായത്തോടെ പുതിയൊരു കഥ പറയാം. ഇന്ററാക്ടീവ് ഡിസ്പ്ലേയിലെ വിവിധ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് എഐ ഉപയോഗിച്ച് കഥ പറച്ചിൽ പഠിക്കാനും എക്സ്പോ വേദിയിൽ ഇടമുണ്ട്.

അറിവുകൾ നേടാനും ഇടം

ആധുനിക റോബട്ടിക് സാങ്കേതികവിദ്യയെ പരിചയപ്പെടാനും പുതു സാങ്കേതിക വിദ്യകളെക്കുറിച്ചു വിദഗ്ധരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ പഠിക്കാനും വര്‍ക്‌ഷോപ്പുകളില്‍ പങ്കെടുക്കാനുമെല്ലാം ഇവിടെ അവസരമുണ്ട്. റോബട്ടിക്, വെര്‍ച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചറിയാന്‍ റോബോവേഴ്‌സ് നിങ്ങളെ സഹായിക്കും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള  വിദഗ്ധരുടെ സെഷനുകൾ പ്രത്യേക സമയങ്ങളിലായി പരിമിതപ്പെടുത്തിയിരിക്കുന്നു. വിശദവിവരങ്ങൾ  അറിയാനും റജിസ്ട്രേഷനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം: https://www.roboversexpo.com

English Summary:

Immersive VR Journey at Roboverse Expo, Organized by Manorama Online and Jain University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com