ADVERTISEMENT

കൽപറ്റ∙ വയനാട് ലോക്സഭാ മണ്ഡലം നിലനിർത്തുമോ എന്ന കാര്യത്തിൽ തീരുമാനം പറയാതെ രാഹുൽ ഗാന്ധി. വയനാടാണോ റായ്ബറേലി ആണോ നിലനിർത്തുക എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. വയനാടിനും റായ്ബറേലിക്കും സന്തോഷം നൽകുന്ന തീരുമാനമായിരിക്കും സ്വീകരിക്കുകയെന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദിയറിയിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ‘‘വയനാട്ടിലെ ജനം വലിയ പിന്തുണയാണ് നൽകിയത്. എനിക്ക് ഔദ്യോഗിക വസതി നഷ്ടമായപ്പോൾ വയനാട്ടിൽ വന്ന് താമസിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെയുള്ളവർ കത്തെഴുതി. നമ്മുടെ ബന്ധം തിരഞ്ഞെടുപ്പിന് അതീതമാണ്. നിങ്ങളെന്നെ കുടുംബാംഗത്തെ പോലെ കരുതി. ഇ.ഡി ചോദ്യം ചെയ്തപ്പോഴും രണ്ടു വർഷം ജയിൽ ശിക്ഷ വിധിച്ചപ്പോഴും പാർലമെന്റിൽനിന്നു പുറത്താക്കിയപ്പോഴും നിങ്ങൾ എന്റെ ഒപ്പം നിന്നു. ജീവിതകാലം മുഴുവൻ ഇതെന്റെ മനസ്സിലുണ്ടാകും.’’– രാഹുൽ പറഞ്ഞു. 

‘‘മോദിയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ പറഞ്ഞത് 400 സീറ്റുകൾ കിട്ടുമെന്നാണ്. പിന്നീട് അവർ 300 എന്ന് പറയാൻ തുടങ്ങി. ഒടുവിൽ 200 എന്നായി. മുഴുവൻ മാധ്യമങ്ങളും ഇന്ത്യാ സഖ്യത്തിന് എതിരായിരുന്നു. അന്വേഷണ ഏജൻസികൾ ഇന്ത്യ സഖ്യത്തിനെതിരെ പ്രവർത്തിച്ചു. പ്രധാനമന്ത്രിയുടെ താൽപര്യപ്രകാരമാണു തിരഞ്ഞെടുപ്പ് തീയതികൾ ചിട്ടപ്പെടുത്തിയത്. ഏറ്റവും ഒടുവിലാണു വരാണസിയിൽ തിരഞ്ഞെടുപ്പ് നടന്നത്. വരാണസിയിൽ പ്രചാരണത്തിന് ധാരളം സമയം കിട്ടി. എന്നിട്ടും കഷ്ടിച്ചാണ് മോദി രക്ഷപ്പെട്ടത്. അവർ അയോധ്യയിൽ തോറ്റു. ഇന്ത്യ എന്ന ആശയത്തെയാണ് അവർ ആക്രമിച്ചത്. അതുകൊണ്ടാണ് പരാജയപ്പെട്ടത്. ഇന്ത്യ എന്നാൽ മറ്റുള്ളവരെ ബഹുമാനിക്കുക എന്നാണ്. അതിന്റെ മൂർത്തീ ഭാവമാണ് ഭരണഘടന. 10 വർഷമായി ബിജെപി ഭരണഘടനയെ ആക്രമിക്കുകയാണ്. ഒരു ഭാഷയും ഒരു സംസ്കാരവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് ബിെജപി. അധികാരത്തിൽ എത്തിയാൽ ഭരണഘടന മാറ്റുമെന്നു ബിജെപി പറഞ്ഞു. അതിനാണ് അവർ 400 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടത്. ഭരണഘടനയെ തൊട്ടുകളിക്കരുത് എന്ന് കൃത്യമായ സന്ദേശം ജനം നൽകി. ഇന്ത്യ മുന്നണിയുടെ അടിയേറ്റ സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ. അവർക്ക് ഭരണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകാനാകില്ല.’’– രാഹുൽ പറഞ്ഞു. 

ജനങ്ങളാണ് എന്റെ ദൈവമെന്നും രാഹുൽ പറഞ്ഞു. ഞാനല്ല തീരുമാനം എടുക്കുന്നതെന്നും ദൈവം പറയുന്നതു ചെയ്യുകയാണെന്നുമാണു മോദി പറഞ്ഞത്. മോദിയുടെ ദൈവം അംബാനിയെയും അദാനിയെയും മാത്രം സഹായിക്കണമെന്നാണോ പറയുന്നത്. കർഷകരെയും പാവപ്പെട്ടവരെയും സഹായിക്കേണ്ട എന്നാണോ പറയുന്നതെന്നും രാഹുൽ ചോദിച്ചു. ‘‘മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാതിരുന്ന മോദി തിരഞ്ഞെടുപ്പ് സമയത്ത് കുറച്ച് മാധ്യമപ്രവർത്തകർക്ക് അഭിമുഖം നൽകി. എല്ലാം മുൻകൂട്ടി പറഞ്ഞപ്രകാരമായിരുന്നു. ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത് മാങ്ങ എങ്ങനെ കഴിക്കുന്നതാണ് ഇഷ്ടമെന്നാണ്. മറ്റൊരു മാധ്യമ പ്രവർത്തകൻ ചോദിച്ചത് ഇന്ത്യയിൽ സമ്പന്നരും പാവപ്പെട്ടവരും തമ്മിൽ അന്തരം വലുതാണല്ലോ എന്നാണ്. എല്ലാവരെയും ഞാൻ പാവപ്പെട്ടവരാക്കണോ എന്നാണു മോദി തിരിച്ചു ചോദിച്ചത്’’–രാഹുൽ പറഞ്ഞു. 

English Summary:

Rahul Gandhi says the relationship with Wayanad goes beyond elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com